Kerala News

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയ്ക്ക് കാരണം പാര്‍ട്ടി വോട്ടുകളിലെ ചോര്‍ച്ചയെന്ന് സിപിഐഎം സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയ്ക്ക് കാരണം പാര്‍ട്ടി വോട്ടുകളിലെ ചോര്‍ച്ചയെന്ന് സിപിഐഎം സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍. മണ്ഡലാടിസ്ഥാനത്തില്‍ സമഗ്ര പരിശോധന നടത്താന്‍ സിപിഐഎം സെക്രട്ടറിയേറ്റ് തീരുമാനിച്ചു. വന്‍ തോതില്‍ വോട്ടുചോര്‍ച്ചയുണ്ടായ ഇടങ്ങളില്‍ പാര്‍ട്ടി അന്വേഷണ കമ്മിഷനെ നിയമിക്കാന്‍ സാധ്യതയുണ്ട്. തിരുത്തല്‍ നടപടിയ്ക്ക് മാര്‍ഗരേഖ ഉണ്ടാക്കാനും നിര്‍ദേശമുയര്‍ന്നിട്ടുണ്ട്.

സിപിഐഎം പാര്‍ട്ടി കേഡര്‍ വോട്ടുകള്‍ ചോര്‍ന്നിട്ടില്ലെന്നായിരുന്നു മുന്‍പ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉള്‍പ്പെടെ വിശദീകരിച്ചിരുന്നത്. എന്നാല്‍ വന്‍തോതില്‍ പാര്‍ട്ടി വോട്ടുകള്‍ ചോര്‍ന്നെന്ന സംശയമാണ് സിപിഐഎം സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നിരിക്കുന്നത്. ഇത് വിശദമായി പരിശോധിക്കും. പത്തനംതിട്ട മണ്ഡലത്തിലെ വോട്ടുചോര്‍ച്ചയില്‍ അന്വേഷണ കമ്മിഷനെ നിയമിച്ചുകൊണ്ടുള്ള അന്വേഷണം വന്നേക്കുമെന്നാണ് സൂചന. പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന തോമസ് ഐസക് വിമര്‍ശനങ്ങള്‍ ഉന്നയിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് തീരുമാനം.

പാര്‍ട്ടിയിലും സര്‍ക്കാരിലും വരുത്തേണ്ട തിരുത്തല്‍ നയത്തെക്കുറിച്ചും ഇന്ന് ചേര്‍ന്ന സിപിഐഎം സെക്രട്ടറിയേറ്റില്‍ ചര്‍ച്ചയായി. അടുത്ത മൂന്ന് ദിവസം ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലും ഇക്കാര്യങ്ങള്‍ ചര്‍ച്ചയാകും.

Related Posts

Leave a Reply