തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ ഇന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരും. എൽഡിഎഫിലെ രാജ്യസഭാ സീറ്റ് പ്രതിസന്ധിയും യോഗം ചർച്ച ചെയ്യും. ലോക്സഭയിലേക്ക് വിജയിച്ച കെ രാധാകൃഷ്ണന്റെ ഒഴിവിലേക്ക് പുതിയ മന്ത്രിയെ നിയമിക്കുന്നതിലും ഇന്ന് ചർച്ചയുണ്ടാകും.
ലോക്സഭാ തിരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടി വിലയിരുത്താൻ ഈ മാസം 16 മുതൽ അഞ്ചുദിവസത്തേക്ക് സിപിഐഎം സംസ്ഥാന നേതൃയോഗം വിളിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രകടനം സംബന്ധിച്ച പ്രാഥമിക ചർച്ചകൾ ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ഉണ്ടാകും. 2019ലെ യുഡിഎഫ് അനുകൂല തരംഗം ഇത്തവണയും ആവർത്തിച്ചു എന്നാണ് സിപിഐഎമ്മിന്റെ വിലയിരുത്തൽ. പരമ്പരാഗത സിപിഐഎം വോട്ടുകൾ ബിജെപിയിലേക്ക് ചോർന്നതും പാർട്ടി ചർച്ച ചെയ്യും.
എൽഡിഎഫിലെ രാജ്യസഭാ സീറ്റ് തർക്കമാണ് ഇപ്പോൾ സിപിഐഎമ്മിന് മുന്നിലെ പ്രധാന പ്രതിസന്ധി. രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ട് സിപിഐ, കേരള കോൺഗ്രസ്(എം), ആർ.ജെ.ഡി, എൻ സി പി പാർട്ടികൾ ഇതിനോടകം രംഗത്ത് എത്തിയിട്ടുണ്ട്. വിജയിക്കാവുന്ന രണ്ട് സീറ്റുകളിൽ ഒന്ന് സിപിഐഎം ഏറ്റെടുക്കും. രണ്ടാമത്തേത് സിപിഐക്ക് നൽകുന്നതാണ് പരിഗണനയിലുള്ളത്. കേരളാ കോൺഗ്രസ് എമ്മിന് മറ്റേതെങ്കിലും പദവി നൽകി അനുനയിപ്പിക്കാനാണ് ശ്രമം. സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാർത്ഥി ആരെന്ന കാര്യത്തിലും ഇന്ന് തീരുമാനം ഉണ്ടാകും.
ആലത്തൂരിൽ നിന്ന് കെ രാധാകൃഷ്ണൻ ലോക്സഭയിലേക്ക് വിജയിച്ചതിനാൽ സംസ്ഥാന മന്ത്രിസഭയിൽ ഒഴിവു വരും. പുതിയ മന്ത്രിയെ തീരുമാനിക്കണോ, വകുപ്പുകൾ തൽക്കാലം മറ്റാർക്കെങ്കിലും കൈമാറണോ എന്നതും യോഗത്തിൽ ചർച്ചയാകും. മാനന്തവാടി എംഎൽഎ ഒ.ആർ കേളുവിനെ മന്ത്രിയാക്കാനാണ് പാർട്ടിയിലെ ആലോചന. ചുരുക്കത്തിൽ തെരഞ്ഞെടുപ്പ് ചർച്ചകൾക്കൊപ്പം സുപ്രധാന പാർട്ടി തീരുമാനങ്ങൾക്കും ഇന്ന് സാധ്യതയുണ്ട്.