Kerala News

ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവി വിലയിരുത്താൻ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ന് ചേരും

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവി വിലയിരുത്താൻ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. രാജ്യസഭാ സീറ്റിലേക്കുള്ള സ്ഥാനാർത്ഥിയെയും യോഗത്തിൽ തീരുമാനിക്കും. ഭരണ വിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി എന്നായിരുന്നു ദേശീയ എക്സിക്യൂട്ടീവ് യോഗത്തിന്റെ വിലയിരുത്തൽ. സർക്കാരിന്റെ പരിഗണന വിഷയങ്ങളിൽ മാറ്റം വരുത്തണമെന്നും വീഴ്ച പരിശോധിച്ച് തിരുത്തണമെന്നും പാർട്ടിക്കുള്ളിൽ അഭിപ്രായമുണ്ട്. യോഗത്തിൽ പരാജയ കാരണങ്ങൾ ചർച്ചയാകും.

തിരുവനന്തപുരം, മാവേലിക്കര, തൃശൂർ വയനാട് എന്നീ ലോക്സഭാ മണ്ഡലങ്ങളിൽ മത്സരിച്ച നാല് സീറ്റുകളിലും സിപിഐ പരാജയം നേരിട്ടിരുന്നു. ദേശീയതലത്തിൽ ഇന്‍ഡ്യ മുന്നണിക്ക് അനുകൂലമായ ട്രെൻഡ് കേരളത്തിൽ യുഡിഎഫിലേക്ക് പോയെന്നാണ് നേതൃത്വം കരുതുന്നത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ചേർന്ന ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ പരാജയത്തിന്റെ ഒരു കാരണം ഭരണ വിരുദ്ധ വികാരമാണെന്ന് കേരളത്തിൽ നിന്നുള്ള നേതാക്കൾ അഭിപ്രായപ്പെട്ടിരുന്നു. എൽഡിഎഫിൽ ഒഴിവരുന്ന രണ്ട് സീറ്റുകളിൽ ഒന്ന് സിപിഐക്ക് ലഭിക്കുമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വക്കേറ്റ് പ്രകാശ് ബാബുവിനെ രാജ്യസഭയിലേക്ക് അയക്കാനാണ് സിപിഐ നേതൃത്വത്തിന് താല്പര്യം.

Related Posts

Leave a Reply