Kerala News

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് കാരണം ഭരണവിരുദ്ധ വികാരം എന്ന് സിപിഐഎം

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് കാരണം ഭരണവിരുദ്ധ വികാരം എന്ന് സിപിഐഎം സംസ്ഥാന സമിതിയില്‍ വിലയിരുത്തല്‍. ക്ഷേമ പെന്‍ഷന്‍ അടക്കം മുടങ്ങിയത് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെയും സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നു. തോല്‍വി പരിശോധിച്ച് തിരുത്തല്‍ മാര്‍ഗരേഖ തയ്യാറാക്കാനാണ് നീക്കം.

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഉണ്ടെന്നും, അത് തിരഞ്ഞെടുപ്പ് തോല്‍വിക്കുള്ള പ്രധാന ഘടകമായിട്ടുണ്ടെന്നുമാണ് സിപിഐഎം വിലയിരുത്തല്‍. ജനക്ഷേമ നടപടികള്‍ ജനങ്ങളിലേക്ക് എത്തിയിട്ടില്ല. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയത് തോല്‍വിയുടെ ആക്കം കൂട്ടിയെന്നും വിലയിരുത്തലുണ്ട്. ക്ഷേമ പെന്‍ഷന്‍ അടക്കം മുടങ്ങിയത് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കി. ക്ഷേമപ്രവര്‍ത്തനങ്ങള്‍ മുടങ്ങാന്‍ കാരണം കേന്ദ്രസര്‍ക്കാരാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. വിഷയം ജനങ്ങളിലേക്ക് എത്തിക്കുന്നതിലും പരാജയപ്പെട്ടു. സംസ്ഥാന സെക്രട്ടറി, കമ്മിറ്റിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടുന്നത്. കനത്ത തോല്‍വിക്ക് കാരണം ഭരണ വിരുദ്ധ വികാരമെന്ന വിമര്‍ശനമുണ്ടെന്ന് യെച്ചൂരിയും പറഞ്ഞു.

മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെയും സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നു. ചില നേതാക്കന്മാര്‍ക്ക് നാക്ക് പിഴ സംഭവിച്ചതും വലിയ ചര്‍ച്ചയായി. നേതാക്കന്മാരുടെ പേര് പറയാതെയായിരുന്നു പരാമര്‍ശം. നിലവില്‍ തോല്‍വിയുടെ കാരണങ്ങള്‍ പരിശോധിക്കുകയാണ് പാര്‍ട്ടി. ഒപ്പം തിരുത്തല്‍ നടപടികള്‍ കൂടി തീരുമാനിക്കും. താഴെ തട്ടില്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സര്‍ക്കാര്‍ ജനക്ഷേമ പദ്ധതികളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്താനും നിര്‍ദേശമുണ്ട്. തിരുത്തല്‍ മാര്‍ഗരേഖ തയ്യാറാക്കും. സംസ്ഥാന സമിതി കഴിഞ്ഞ് വീണ്ടും സെക്രട്ടേറിയറ്റ് ചേര്‍ന്ന് തിരുത്തല്‍ നടപടിയില്‍ അന്തിമ തീരുമാനമെടുക്കാനാണ് നീക്കം.

Related Posts

Leave a Reply