International News

ലോകത്തെ ഏറ്റവും വലിയ ആരോഗ്യ ഇൻഷുറൻസ് കമ്പനികളിൽ ഒന്നായ യുണൈറ്റഡ് ഹെൽത്ത്‌കെയറിൻ്റെ സിഇഒ കൊല്ലപ്പെട്ടു.

ന്യൂയോർക്ക്: ലോകത്തെ ഏറ്റവും വലിയ ആരോഗ്യ ഇൻഷുറൻസ് കമ്പനികളിൽ ഒന്നായ യുണൈറ്റഡ് ഹെൽത്ത്‌കെയറിൻ്റെ സിഇഒ കൊല്ലപ്പെട്ടു. അമേരിക്കയിലെ മാൻഹാട്ടനിൽ ഒരു ഹോട്ടലിന് മുൻപിൽ വെച്ച് വെടിയേറ്റാണ് ബ്രയാൻ തോംസൺ കൊല്ലപ്പെട്ടത്. 50 വയസായിരുന്നു. 20 അടി അകലെ നിന്ന് ബ്രയാൻ തോംസണ് നേരെ നിരവധി തവണ വെടിയുതിർത്ത ശേഷം അക്രമി ഒരു സൈക്കിളിൽ ഇവിടെ നിന്നും രക്ഷപ്പെട്ടു. ഇയാൾക്കായി തെരച്ചിൽ തുടങ്ങി.

അമേരിക്കൻ സമയം ഇന്ന് രാവിലെ 6.45 ന് മൻഹാട്ടനിലാണ് കൊലപാതകം നടന്നത്. യുണൈറ്റഡ് ഹെൽത്ത് കെയറിന്റെ വാർഷിക നിക്ഷേപക സമ്മേളനം നടക്കാനിരിക്കെയാണ് കൊലപാതകം. പരിപാടിക്കായി ഹോട്ടലിലേക്ക് കയറുന്നതിന് മുൻപാണ് ബ്രയാൻ വെടിയേറ്റ് കൊല്ലപ്പെട്ടത്. നെഞ്ചിലടക്കം നിരവധി തവണ വെടിയേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിന് പിന്നാലെ ഇന്ന് നടക്കേണ്ടിയിരുന്ന നിക്ഷേപക സംഗമം കമ്പനി റദ്ദാക്കി.

2004 ൽ കമ്പനിയിൽ പ്രവർത്തനം തുടങ്ങിയ ബ്രയാൻ തോംസൺ 2021 ലാണ് അതിൻ്റെ സിഇഒ സ്ഥാനം ഏറ്റെടുത്തത്. അതിന് മുൻപ് കമ്പനിയിൽ സിഎഫ്ഒ പദവിയടക്കം വഹിച്ചിട്ടുണ്ട്. പ്രൈസ് വാട്ടർ കൂപ്പേർസ് കമ്പനിയിൽ ചാർട്ടേർഡ് അക്കൗണ്ടൻ്റായി പ്രവർത്തിക്കുമ്പോഴാണ് അദ്ദേഹം യുണൈറ്റഡ് ഹെൽത്ത്കെയറിലേക്ക് ചുവടുമാറ്റിയത്. അയോവ സർവകലാശാലയിലെ പൂർവ വിദ്യാർത്ഥിയായിരുന്ന ബ്രയാൻ തോംസൺ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദധാരിയായിരുന്നു. മിനെസോട്ടയിലാണ് അദ്ദേഹത്തിൻ്റെ വസതി.

Related Posts

Leave a Reply