കൊച്ചി: ലൈംഗിക അതിക്രമത്തില്‍ ജനിച്ച കുട്ടികളുടെ ഡിഎന്‍എ പരിശോധനയിൽ കര്‍ശന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി ഹൈക്കോടതി സിംഗിള്‍ ബെഞ്ച്. ദത്ത് നല്‍കിയ കുട്ടികളുടെ ഡിഎന്‍എ പരിശോധിക്കാന്‍ അനുവദിക്കരുതെന്ന് കോടതി പറഞ്ഞു. ഇത് കുട്ടികളുടെ സ്വകാര്യതയുടെ ലംഘനമാണെന്നും കുട്ടികളിൽ മാനസിക ബുദ്ധിമുട്ടുണ്ടാക്കുമെന്നും കേരള ഹൈക്കോടതി നിരീക്ഷിച്ചു.
ബലാത്സംഗം തെളിയിക്കാന്‍ ഡിഎന്‍എ പരിശോധന അനിവാര്യമല്ല. കുട്ടിയെ ദത്ത് നൽകുന്നതിന് മുന്‍പ് തന്നെ സിഡബ്ല്യൂസി, ഡിഎന്‍എ സാമ്പിള്‍ ശേഖരിക്കണം. ദത്ത് രേഖകളുടെ രഹസ്യ സ്വഭാവം അധികൃതര്‍ ഉറപ്പാക്കണം. ഡിഎന്‍എ ടെസ്റ്റ് തീരുമാനം അനിവാര്യ ആവശ്യം ബോധ്യപ്പെട്ട് മാത്രം മതിയെന്നും കോടതി പറഞ്ഞു. അഞ്ച് സെഷന്‍സ് കോടതികളുടെ ഇത്തരത്തിലുള്ള ഡിഎന്‍എ പരിശോധനാ അനുമതി കേരളാ ഹൈക്കോടതി റദ്ദാക്കി.
ദത്തെടുക്കുന്ന കുട്ടികളുടെ രക്തസാമ്പിൾ ശേഖരിക്കാൻ വിവിധ കോടതികൾ പുറപ്പെടുവിച്ച ഉത്തരവുകൾ കുട്ടികളുടെ സ്വകാര്യതയ്ക്കും ദത്തെടുക്കലിൻ്റെ രഹസ്യസ്വഭാവത്തിനുമുള്ള അവകാശത്തെ ഹനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ കീഴിലുള്ള വിക്ടിം റൈറ്റ്‌സ് സെൻ്റർ സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്നാണ് നടപടി. ലൈംഗിക അതിക്രമ കേസുകളില്‍ ദത്തു നൽകിയതിനുശേഷവും കുട്ടികളുടെ ഡിഎന്‍എ എടുക്കാൻ വിവിധ കോടതികൾ ഉത്തരവിട്ടതായി റിപ്പോർട്ടില്‍ പറയുന്നു.