Kerala News

ലൈം​ഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂർ റിമാൻഡിലായതിന് പിന്നാലെ പ്രതികരണവുമായി പരാതിക്കാരിയായ നടി ഹണി റോസ്

ലൈം​ഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂർ റിമാൻഡിലായതിന് പിന്നാലെ പ്രതികരണവുമായി പരാതിക്കാരിയായ നടി ഹണി റോസ്. ഒരു യുദ്ധം ജയിച്ചതിന്റെ ആഹ്ളാദത്തിൽ അല്ല താനെന്ന് ഹണി റോസ് ഫേസ്ബുക്കിൽ വ്യക്തമാക്കി. നിർത്താതെ വേദനിപ്പിച്ചപ്പോൾ നിവൃത്തികേടിനാൽ പ്രതികരിച്ചതാണ്.

ആരെയും ഉപദ്രവിക്കാൻ ആ​ഗ്രഹിച്ചിട്ടില്ല. ആരുടെയും വേദനയിൽ ആഹ്ലാദിക്കുന്നുമില്ല. പരാതികളുമായി പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങേണ്ട അവസ്ഥ ഇനിയും തനിക്ക് ഉണ്ടാകാതിരിക്കട്ടെ എന്നാണ് പ്രാർത്ഥന. നമ്മുടെ നിയമത്തിനും സത്യത്തിനും വലിയ ശക്തിയുണ്ടെന്നും നടി ഫെയ്സ്ബുക്കിൽ കുറിച്ചു.

ദ്വയാർത്ഥ പ്രയോ​ഗങ്ങളിലൂടെ ഹണിയെ അപമാനിച്ച കേസിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഉത്തരവ് കേട്ട് തലകറങ്ങി വീണ പ്രതിയെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. രക്തസമ്മർദ്ദത്തിൽ വ്യതിയാനം സംഭവിച്ചതോടെ ആയിരുന്നു കോടതിമുറിക്കുള്ളിൽ പ്രതി തളർന്നുപോയത്.

വൈദ്യപരിശോധനയിൽ മറ്റ് പ്രശ്നങ്ങളില്ലാത്തതിനാൽ ബോബിയെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി.ജാമ്യാപേക്ഷയുമായി മേൽക്കോടതിയെ സമീപിക്കുമെന്നാണ് ബോ.ചെയുടെ പ്രതികരണം. സംഭവത്തിൽ നിയമപോരാട്ടത്തിന് തയ്യാറായാണ് ഹണിയും രം​ഗത്തെത്തിയിരിക്കുന്നത്.

Related Posts

Leave a Reply