കൊച്ചി: ലൈംഗികാതിക്രമ പരാതിയില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നടന്‍ ജയസൂര്യയ്ക്ക് നോട്ടീസ്. ചോദ്യം ചെയ്യലിനായി പതിനഞ്ചാം തീയതി തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസിന് മുന്‍പാകെ ഹാജരാകാനാണ് നിര്‍ദേശം. ആലുവ സ്വദേശിനിയായ യുവതി നല്‍കിയ പരാതിയിലാണ് പൊലീസിന്റെ നടപടി.
ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ദേ ഇങ്ങോട്ടു നോക്കിയേ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ജയസൂര്യ കടന്നുപിടിച്ച് ചുംബിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. സെക്രട്ടറിയേറ്റില്‍വെച്ച് ഷൂട്ടിംഗ് നടക്കുന്നതിനിടെയായിരുന്നു സംഭവം. ഇതിന് ശേഷം ജയസൂര്യ ദുരുദ്ദേശത്തോടെ ഫ്‌ളാറ്റിലേയ്ക്ക് ക്ഷണിച്ചതായും യുവതി ആരോപിച്ചിരുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയായിരുന്നു ജയസൂര്യക്കെതിരെ യുവതി പരാതിയുമായി രംഗത്തെത്തിയത്. യുവതിയുടെ പരാതിയില്‍ സ്ത്രീത്വത്തെ അപമാനിക്കല്‍ വകുപ്പ് ചുമത്തി ജയസൂര്യക്കെതിരെ പൊലീസ് കേസെടുത്തു. ഇതേ ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് സംവിധായകന്‍ ബാലചന്ദ്രമേനോനും നടന്‍ ജാഫര്‍ ഇടുക്കിയും മോശമായി പെരുമാറിയെന്ന് യുവതി പരാതിപ്പെട്ടിരുന്നു.