ന്യൂഡൽഹി: ലൈംഗികാതിക്രമ കേസുകളിൽ അതിജീവിതയും പ്രതിയും ഒത്തുതീർപ്പിലെത്തിയാലും കേസ് അവസാനിപ്പിക്കാൻ സാധിക്കില്ലെന്ന് സുപ്രീംകോടതി. ഇത് സംബന്ധിച്ചുളള രാജസ്ഥാൻ ഹൈക്കോടതി വിധിയും സുപ്രീംകോടതി റദ്ദാക്കി.
2022ൽ രാജസ്ഥാനിലെ ഗംഗാപുർ സിറ്റിയിലുണ്ടായ ഒരു കേസിലായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടി, തന്നെ അധ്യാപകൻ ലൈംഗികമായി ഉപദ്രവിച്ചുവെന്നാരോപിച്ച് കേസ് നൽകിയിരുന്നു. ഇതിൽ നടപടിക്രമങ്ങളെല്ലാം പൊലീസ് പൂർത്തിയാക്കുകയും ചെയ്തു.
എന്നാൽ പ്രതിയായ അധ്യാപകൻ പിന്നീട് അതിജീവിതയുടെ കുടുംബത്തിന്റെ പക്കൽ നിന്ന് പരാതിയില്ലെന്ന് എഴുതിവാങ്ങി. കേസ് തെറ്റിദ്ധാരണയുടെ പേരിൽ ഉണ്ടായതാണെന്നും, നടപടിക്രമങ്ങൾ ഇനി ആവശ്യമില്ലെന്നും, സ്റ്റാമ്പ് പേപ്പറിലാണ് എഴുതിവാങ്ങിയത്. ഇത് സ്വീകരിച്ച പൊലീസ് നടപടിക്രമങ്ങളെല്ലാം നിർത്തിവെക്കുകയും കേസ് അവസാനിപ്പിക്കുകയും ചെയ്തു. രാജസ്ഥാൻ ഹൈക്കോടതിയും ഇതോടെ പ്രതിയായ അധ്യാപകനെ വെറുതെവിട്ടിരുന്നു.
ഈ നടപടി ചോദ്യം ചെയ്ത്, രാംജി ലാൽ ബൈർവാ എന്ന സാമൂഹികപ്രവർത്തകൻ സുപ്രീംകോടതിയെ സമീപിച്ചതോടെയാണ്, സുപ്രധാനമായ നിരീക്ഷണമുണ്ടായത്. രാജസ്ഥാൻ ഹൈക്കോടതിയുടെ വിധി റദ്ദാക്കിയ സുപ്രീംകോടതി, അധ്യാപകനെതിരെ വീണ്ടും കേസെടുത്ത് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.