International News

ലെബനനില്‍ ഹിസ്ബുള്ള പേജറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ചു; എട്ട് മരണം; 2750ലധികം പേര്‍ക്ക് പരുക്ക്

ലെബനനില്‍ ഹിസ്ബുള്ള പേജറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ച് എട്ട് മരണം. രണ്ടായിരത്തിലേറെ പേര്‍ക്ക് പരുക്കേറ്റു. ഹിസ്ബുള്ള അംഗങ്ങളും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ രണ്ടുപേര്‍ ഹിസ്ബുള്ള ഉന്നത അംഗങ്ങളാണെന്ന് ഹിസ്ബുള്ള സ്ഥിരീകരിച്ചു. ഇസ്രയേല്‍-ഗസ്സ യുദ്ധം തുടങ്ങിയതുമുതല്‍ ആശയവിനിമയത്തിനായി ഹിസ്ബുള്ള ഉപയോഗിക്കുന്ന പേജറുകളാണ് കൂട്ടത്തോടെ ചൂടായി പൊട്ടിത്തെറിച്ചത്. നൂറോളം ആശുപത്രികളില്‍ അടിയന്തിര സാഹചര്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പരുക്കേറ്റ ഭൂരിഭാഗം പേരുടേയും മുഖവും കൈകളും തകര്‍ന്ന നിലയിലാണ്.

ഡിവൈസുകളെ ലക്ഷ്യം വച്ച് ഇസ്രയേല്‍ നടത്തിയ ആക്രമണമാണ് ഇതെന്ന് സംശയിക്കുന്നതായി ഹിസ്ബുള്ളയും ഇറാനും പ്രതികരിച്ചു. ലെബനീസ് പാര്‍ലമെന്റിലെ ഹിസ്ബുള്ള പ്രതിനിധി അലി അമ്മറിന്റെ മകനും അപകടത്തില്‍ കൊല്ലപ്പെട്ടെന്നാണ് സൗദി വാര്‍ത്താ മാധ്യമമായ അല്‍ ഹദാത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇറാന്‍ അംബാസിഡര്‍ ബെയ്‌റൂത്ത് മൊജ്ടാബ അമാനിയ്ക്കും ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പരുക്ക് ഗുരുതരമല്ലെന്ന് ഇറാന്‍ അറിയിച്ചു. 2750ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ 200 പേരുടെ നില ഗുരുതരമാണ്. പ്രാദേശിക സമയം 3.30ഓടെയാണ് ആക്രമണമുണ്ടായത്. ഹിസ്ബുള്ളയുടെ പുതിയ പേജറുകളുടെ ലിഥിയം ബാറ്ററികളാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം.

തങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്ന് ഹിസ്‌ബൊള്ള നേതൃത്വം പ്രതികരിച്ചു. സംഭവത്തില്‍ ഇസ്രയേലിന് പങ്കുണ്ടെന്ന് ഹിസ്ബുള്ളയും ഇറാനും ആരോപിക്കുന്നുണ്ടെങ്കിലും ഇസ്രയേല്‍ സംഭവത്തില്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Related Posts

Leave a Reply