കൊച്ചി: ലിവിംഗ് ടുഗതർ ബന്ധങ്ങൾ വിവാഹമല്ലെന്നും പങ്കാളിയെ ഭർത്താവെന്ന് പറയാനാകില്ലെന്നും ഹൈക്കോടതി. നിയമപരമായി വിവാഹം കഴിച്ചാൽ മാത്രമേ ഭർത്താവെന്ന് പറയാനാകൂ. ലിംവിംഗ് ടുഗതർ ബന്ധങ്ങളിൽ പങ്കാളിയെന്നേ പറയാനാകൂവെന്നും കോടതി പറഞ്ഞു. എറണാകുളം സ്വദേശിയായ യുവാവിനെതിരെ കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത ഗാർഹിക പീഡനക്കേസ് റദ്ദാക്കിയാണ് കോടതിയുടെ നിരീക്ഷണം.
പങ്കാളിയിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ശാരീരിക, മാനസിക പീഡനം ഉണ്ടായാൽ ഗാർഹിക പീഡനത്തിന്‍റെ പരിധിയിൽ വരില്ല. ഐപിസി 498 എ പ്രകാരം കേസ് എടുക്കാനാകില്ലന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. എറണാകുളം സ്വദേശിയായ യുവാവാണ് തനിക്കെതിരെ കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത ഗാർഹിക പീഡനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. പരാതിക്കാരിയായ യുവതിയുമായി ലിവിങ് ടുഗദർ ബന്ധത്തിലായിരുന്നു. ഈ ബന്ധം പിന്നീട് തകർന്നു. യുവതിയുടെ പരാതിയിൽ പൊലീസ് ഗാർഹിക പീഡനക്കേസെടുത്തു. ഇത് നിയമപരമല്ലെന്നായിരുന്നു യുവാവിന്‍റെ വാദം. ഇതംഗീകരിച്ചാണ് കോടതിയുടെ നിരീക്ഷണങ്ങൾ.
ലിവിങ് ടുഗദർ ബന്ധങ്ങളെ വിവാഹമെന്ന് വിശേഷിപ്പിക്കാനാകില്ല. ഇത്തരം ബന്ധങ്ങളിലെ പങ്കാളിയെ ഭർത്താവെന്ന് നിയമപരമായി പറയാൻ കഴിയില്ല. നിയമമായി വിവാഹം കഴിച്ചെങ്കിൽ മാത്രമേ ഭർത്താവ്, ഭാര്യ എന്ന പ്രയോഗത്തിന്‍റെ പരിധിയിൽ വരൂ. അതുകൊണ്ടുതന്നെ പങ്കാളിയിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ശാരീരിക, മാനസിക പീഡനങ്ങൾ ഉണ്ടായാൽ ഗാർഹിക പീഡനത്തിന്‍റെ പരിധിയിൽ വരില്ലെന്നുമാണ് കോടതിയുടെ നിരീക്ഷണം. ഹർജിക്കാരന്‍റെ വാദങ്ങൾ അംഗീകരിച്ച കോടതി കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കുകയായിരുന്നു.