കൊച്ചി: ലഹരിക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരായി നടി പ്രയാഗ മാര്ട്ടിന്. എറണാകുളം സൗത്ത് എസിപി ഓഫീസിലാണ് ഹാജരായത്. എസിപി രാജ്കുമാര് ചോദ്യം ചെയ്യാന്‍ എത്തിച്ചേര്‍ന്നു. നടന് സാബു മോനും പ്രയാഗയ്ക്കൊപ്പം എസിപി ഓഫീസിലെത്തി. പ്രയാഗയ്ക്ക് നിയമ സഹായം ചെയ്യാന്‍ വേണ്ടിയാണ് വന്നതെന്ന് സാബു മോന് പ്രതികരിച്ചു.
അതേസമയം നടന് ശ്രീനാഥ് ഭാസിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. അഞ്ച് മണിക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷം ശ്രീനാഥ് ഭാസി എസിപി ഓഫീസില്‍ നിന്ന് മടങ്ങി. സുഹൃത്ത് വഴിയാണ് മുറിയിലെത്തിയതെന്നും ഗുണ്ടാനേതാവ് ഓം പ്രകാശിനെ നേരിട്ട് അറിയില്ലെന്ന് ശ്രീനാഥ് ഭാസി മൊഴി നൽകി.
ഇരുവര്‍ക്കും ലഹരി സംഘവുമായുള്ള ബന്ധമാണ് പ്രധാനമായും പൊലീസ് അന്വേഷിക്കുന്നത്. എന്തിനാണ് ലഹരി പാര്‍ട്ടി നടന്ന ഹോട്ടലിലേക്ക് എത്തിയതെന്നും ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. ഇരുവരുടെയും ഈ ദിവസങ്ങളിലെ സാമ്പത്തിക ഇടപാടും പൊലീസ് അന്വേഷിക്കും.
ലഹരിക്കേസില്‍ ശ്രീനാഥ് ഭാസിയോട് പത്തും പ്രയാഗ മാര്‍ട്ടിനോട് പതിനൊന്നും മണിക്ക് ഹാജരാകാനായിരുന്നു പൊലീസ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ പൊലീസിന്റെ തന്നെ അസൗകര്യത്തില്‍ സമയം മാറ്റുകയായിരുന്നു. ഓം പ്രകാശിന്റെ മുറിയില്‍ നിന്ന് ലഭിച്ച സാമ്പിളിന്റെ റിസള്‍ട്ട് പരിശോധിച്ച ശേഷം നടപടികളുമായി മുന്നോട്ട് പോകുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. ഓം പ്രകാശിന്റെ മുറിയില്‍ ഇരുപതോളം പേര് എത്തിയിരുന്നതായി കണ്ടെത്തിയിരുന്നു. ഇതില്‍ പതിനേഴോളം പേരുടെ മൊഴിയെടുത്തു.