Kerala News

ലക്ഷങ്ങള്‍ വിലവരുന്ന ഇരുമ്പ് കമ്പി മോഷ്ടിക്കാന്‍ ശ്രമിച്ച യുവതി അടക്കമുള്ള അസം സ്വദേശികളെ പിടികൂടി.

കോഴിക്കോട്: ദേശീയപാത നിര്‍മാണത്തിനായി സൂക്ഷിച്ച ലക്ഷങ്ങള്‍ വിലവരുന്ന ഇരുമ്പ് കമ്പി മോഷ്ടിക്കാന്‍ ശ്രമിച്ച യുവതി അടക്കമുള്ള അസം സ്വദേശികളെ പിടികൂടി. ബാര്‍പേട്ട സ്വദേശികളായ രഹ്ന കാത്തൂര്‍, ഐനല്‍ അലി, മൊയിനല്‍ അലി, ജോയനല്‍ അലി, മിലന്‍ അലി എന്നിവരാണ് അറസ്റ്റിലായത്. പുലര്‍ച്ചെ അഞ്ചോടെ ഇരിങ്ങല്ലൂരിലെ താല്‍ക്കാലിക ഷെഡ്ഡില്‍ സൂക്ഷിച്ച ഒന്‍പത് ലക്ഷത്തോളം രൂപ വിലവരുന്ന കമ്പി രണ്ടംഗ സംഘം മോഷ്ടിക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട സെക്യൂരിറ്റി ജീവനക്കാരനാണ് ഇവരെ പിടികൂടി പന്തീരാങ്കാവ് പൊലീസില്‍ ഏല്‍പിച്ചത്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് സംഘത്തിലുള്‍പ്പെട്ട മൂന്ന് പേരെ കുറിച്ചുള്ള വിവരങ്ങള്‍ കൂടി ലഭിച്ചത്. പിന്നീട് ഇവരെയും അറസ്റ്റ് ചെയ്തു.

കരാറുകാരായ കെ എം സി കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഉപകരാറുകാരായ ജെ എ എഫ് എഫ് ലിമിറ്റഡ് സൂക്ഷിച്ച കമ്പികളാണ് മോഷ്ടിക്കാന്‍ ശ്രമിച്ചത്. സി ഐ വിനോദ് കുമാര്‍, എസ് ഐ മഹേഷ്, എ എസ് ഐ ഷംസുദ്ധീന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ലൈലാബി, പ്രമോദ്, ബഷീര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

Related Posts

Leave a Reply