റോബിൻ ബസ് ഇന്ന് വീണ്ടും സർവീസ് തുടങ്ങി. പത്തനംതിട്ട കോയമ്പത്തൂർ റൂട്ടിലാണ് സർവീസ് തുടങ്ങിയത്. കോടതി നിർദേശപ്രകാരം മോട്ടോർ വാഹന വകുപ്പ് ബസ് കഴിഞ്ഞ ദിവസം വിട്ട് നൽകിയിരുന്നു. ഇന്ന് സർവീസ് തുടങ്ങി ഒരു കിലോമീറ്റർ പിന്നിട്ടപ്പോൾ തന്നെ മൈലപ്രയിൽ വെച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ് തടഞ്ഞ് പരിശോധിച്ചു. പരിശോധനയ്ക്ക് ശേഷം സർവീസ് തുടരാൻ അനുവദിച്ചു.
നിയമലംഘനം കണ്ടാൽ കർശന നടപടി ഉണ്ടാകുമെന്ന് എംവിഡി ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. കോൺട്രാക്ട് ക്യാരേജ് പെർമിറ്റ് ഉള്ള ബസ്, സ്റ്റേജ് ക്യാരേജ് ആയി ഓടുന്നത് നിയമവിരുദ്ധമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നിലപാട്. ഈ നിലപാട് ചോദ്യം ചെയ്ത് ബസ് ഉടമ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹർജിയിൽ അടുത്ത മാസം അന്തിമ വിധി പറയും.
കഴിഞ്ഞമാസം 24ന് പുലർച്ചെയാണ് റോബിൻ ബസ് പിടിച്ചെടുത്തത്. ബസ് വിട്ടുകൊടുക്കാൻ പത്തനംതിട്ട ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. തുടർന്ന് ഉടമ ഇന്നലെ പൊലീസിനെ സമീപിച്ചെങ്കിലും ബസ് വിട്ടുകൊടുത്തിരുന്നില്ല. കോടതി നിർദേശം പരിഗണിച്ച് ഇന്ന് ബസ് വിട്ടു കൊടുക്കുകയായിരുന്നു. നിലവിലെ നിയമപ്രകാരം മാത്രം ബസിന് സർവീസ് നടത്താമെന്നും അല്ലാത്തപക്ഷം നടപടി നേരിടേണ്ടി വരുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.