Kerala News

റേഡിയോ ജോക്കി രാജേഷ് കുമാർ വധം: മുഹമ്മദ് സാലിഹിനും അപ്പുണ്ണിക്കും ജീവപര്യന്തം കഠിനതടവ്

തിരുവനന്തപുരം – റേഡിയോ ജോക്കിയായിരുന്ന രാജേഷ് കുമാർ (34) വധക്കേസിൽ രണ്ടും മൂന്നും പ്രതികളായ മുഹമ്മദ് സാലിഹിനും അപ്പുണ്ണിക്കും ജീവപര്യന്തം കഠിനതടവ്. തിരുവനന്തപുരം അഡി.സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. മുഹമ്മദ് സാലിഹും അപ്പുണ്ണിയും കുറ്റക്കാരാണെന്നു കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. 4 മുതൽ 12 വരെയുള്ള പ്രതികളെ കോടതി നേരത്തെ വെറുതെ വിട്ടു. കേസിലെ ഒന്നാം പ്രതിയും കൊലപാതകത്തിന് ക്വട്ടേഷൻ നൽകിയ ഓച്ചിറ സ്വദേശിയും ഖത്തറിലെ വ്യവസായിയുമായ അബ്ദുൽ സത്താറിനെ പിടികൂടാനായിട്ടില്ല. മടവൂർ പടിഞ്ഞാറ്റേല ആശാനിവാസിൽ രാജേഷിനെ 2018 മാർച്ച് 27ന് പുലർച്ചെ 2.30നാണ് മടവൂർ ജംക‌്‌ഷനിൽ സ്വന്തം ഉടമസ്ഥയിലുള്ള മെട്രാസ് റിക്കാർഡിങ് സ്റ്റുഡിയോയിലിരിക്കെയാണ് വെട്ടിക്കൊന്നത്. സുഹൃത്ത് വെള്ളല്ലൂർ സ്വദേശി കുട്ടന് (50) തോളിനും കൈയ്ക്കും വെട്ടേറ്റിരുന്നു. പത്ത് വർഷത്തോളം സ്വകാര്യചാനലിൽ റോഡിയോ ജോക്കിയായിരുന്ന രാജേഷിന് 2016 ജൂണിൽ ഖത്തറിൽ ജോലി ലഭിച്ചു. പത്തു മാസം ഖത്തറിൽ ജോലി ചെയ്തു. 2017 മേയിൽ മടങ്ങിയെത്തിയ ശേഷമാണ് റിക്കാർഡിങ് സ്റ്റുഡിയോ ആരംഭിച്ചതും നാടൻപാട്ട് സംഘത്തിൽ ചേർന്നതും. ഖത്തറിലായിരുന്നപ്പോൾ അബ്ദുൽ സത്താറിന്റെ ഭാര്യയുമായി രാജേഷിനുള്ള അടുപ്പമാണ് കൊലപാതകത്തിൽ കലാശിച്ചത്.

Related Posts

Leave a Reply