തിരുവനന്തപുരം: തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് പിജി വിദ്യാർഥിനി ഡോ. ഷഹ്നയുടെ ആത്മഹത്യക്കുറിപ്പിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിലെ പ്രതിയായ ഡോ. റുവൈസ് മുഖത്ത് നോക്കി സ്ത്രീധനം ആവശ്യപ്പെട്ടുവെന്ന് ആത്മഹത്യ ഷഹ്നയുടെ കുറിപ്പിൽ പറയുന്നു. ചതിയുടെ മുഖം തനിക്ക് അഴിച്ചുമാറ്റാൻ കഴിഞ്ഞില്ലെന്നും ഡോ. ഷഹ്ന കുറിപ്പിൽ പറയുന്നു. റുവൈസിന്‍റെ പേര് കുറിപ്പിൽ പരാമർശിക്കുന്നുവെന്ന് മാത്രമാണ് പൊലീസ് ഇതേവരെ പറഞ്ഞിരുന്നത്. എന്നാൽ റുവൈസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഷഹ്നയുടെ കുറിപ്പിലുള്ളത്.
റുവൈസ് തന്‍റെ മുഖത്തു നോക്കി പണം ആവശ്യപ്പെട്ടുവെന്ന് ഷെഹ്ന ആത്മഹത്യക്കുറിപ്പിൽ എഴുതിയിട്ടുണ്ട്. ‘ചതിയുടെ മുഖം മൂടി തനിക്ക് അഴിച്ചുമാറ്റാൻ കഴിഞ്ഞില്ല. അവന് പണമാണ് വേണ്ടത്. അത് തന്‍റെ മുഖത്ത് നോക്കി പറഞ്ഞു കഴിഞ്ഞു. ഇനിയും ജീവിക്കണമെന്ന് തോന്നുന്നില്ല. ഈ ചതിക്ക് പകരമായി നല്ല രീതിയിൽ ജീവിച്ചുകാണിക്കുകയാണ് വേണ്ടത്. പക്ഷെ മറ്റൊരാളെ സ്നേഹിക്കാൻ കഴിയുന്നില്ലെ’ന്നും ഷെഹ്നയുടെ കുറിപ്പിലുണ്ട്.
മരിക്കുന്നതിന് രണ്ടു ദിവസം മുമ്പ് ക്യാമ്പസിൽ വച്ച് പണത്തെ കുറിച്ച് സംസാരിച്ചുവെന്ന് റുവൈസും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മരിക്കുന്ന ദിവസം ഷെഹ്ന റുവൈസിന് വാട്ട്സ് ആപ്പ് മെസ്സേജ് അയച്ചിരുന്നു. റുവൈസ് വാട്ട്സ് ആപ്പിൽ ബ്ലോക്ക് ചെയ്ത ശേഷമാണ് ഷെഹ്ന ആത്മഹത്യ ചെയ്യുന്നത്. സ്ത്രീധനമാണ് യുവ ഡോക്ടറെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്ന തെളിയിക്കാനുള്ള പ്രധാന തെളിവായാണ് ആത്മഹത്യക്കുറിപ്പ് ഹൈക്കോടതിയിൽ മെഡിക്കൽ കോളജ് പൊലീസ് നൽകിയത്.
ഷെഹ്നയുടെ സാമ്പത്തിക സ്ഥിതി അറിമായിരുന്നിട്ടും ആലോചനയുമായി വീട്ടിലെത്തിയ ബന്ധുക്കള്‍ പണം ആവശ്യപ്പെട്ടുവെന്ന് കുറിപ്പിൽ നിന്നും വ്യക്തമാണെന്ന് വാദത്തിനിടെ ഹൈക്കോടതി നിരീക്ഷിച്ചു. എന്നാൽ റൂവൈസിന്‍റെ അച്ഛനെ ചോദ്യം ചെയ്തിട്ടും ഒരു തെളിവും ലഭിച്ചിട്ടില്ലെന്നും പഠനം പൂർത്തിയാക്കാൻ ഏതു നിബന്ധകള്‍ വച്ചും ജാമ്യം നൽകണെന്നും റൂവൈസിന്‍റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
ഡോ. ഷഹ്നയോട് സുഹൃത്തും സഹപാഠിയുമായ റുവൈസും ബന്ധുക്കളും വിവാഹം കഴിക്കാൻ വലിയ തുക സ്ത്രീധനം ചോർദിച്ചതാണ് ആത്മഹത്യക്ക് കാരണമെന്നാണ് കേസ്. ഡോ.റുവൈസിനെതിരെ ഗുരുതര പരാമർശങ്ങളടങ്ങിയ കുറിപ്പ് റൂവൈസിന്‍റെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ടുള്ള റിപ്പോർട്ടിനൊപ്പം പൊലീസ് ഹൈക്കോടതിയിൽ നൽകി. റുവൈസിൻറെ ജാമ്യാപേക്ഷ വെളളിയാഴ്ചയിലേക്ക് മാറ്റി.