International News Technology

റഷ്യൻ ചാന്ദ്ര ദൗത്യം ലൂണ പ്രതിസന്ധിയിൽ

മോസ്കോ- റഷ്യൻ ചാന്ദ്രദൗത്യമായ ലൂണ- 25 പ്രതിസന്ധിയിൽ. പേടകത്തിന് സാങ്കേതിക തകരാർ വന്നതാണ് ദൗത്യം പ്രതിസന്ധിയിലാകാൻ കാരണം. തകരാറുള്ളതിനാൽ ലാന്‍ഡിങിന് മുന്നോടിയായി നടക്കേണ്ട ഭ്രമണപഥമാറ്റം നടന്നില്ല. ഈ മാസം 11 ന് വിക്ഷേപിച്ച ലൂണ-25 ചന്ദ്രയാൻ- 3ന് മുൻപോ ചന്ദ്രയാനൊപ്പമോ ചന്ദ്രനിൽ ഇറങ്ങുമെന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്.

സാങ്കേതിക തകരാർ പരിശോധിക്കുകയാണെന്ന് റഷ്യൻ ബഹിരാകാശ ഏജൻസി റോസ്കോസ് മോസ് അറിയിച്ചു. ചന്ദ്രനിൽ ലാൻഡ് ചെയ്യുന്നതിന് തൊട്ട് മുൻപുള്ള ഭ്രമണപഥത്തിലേക്ക് പേടകത്തെ എത്തിക്കാനുള്ള ശ്രമമാണ് പരാജയപ്പെട്ടത്. പേടകം നിലവിൽ ചന്ദ്രൻ്റെ ഭ്രമണപഥത്തിൽ തുടരുന്നുണ്ട്. ചന്ദ്രയാൻ- 3 ഇറങ്ങുന്ന ദക്ഷിണ ധ്രുവത്തിൽ തന്നെ ലൂണയെയും ഇറക്കാനായിരുന്നു റഷ്യയുടെ തീരുമാനം. സൂര്യപ്രകാശം തുടർച്ചയായി ലഭിക്കുന്നതും ചരിവ് കുറഞ്ഞതുമായ പ്രദേശമായതിനാലാണ് ദക്ഷിണധ്രുവത്തിൽ തന്നെ ലൂണയും ഇറങ്ങാനിരുന്നത്.

50 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് റഷ്യ ചാന്ദ്രദൗത്യത്തിന് ഒരുങ്ങിയത്. മോസ്കോയിൽ നിന്ന് 5,500 കിലോമീറ്റർ അകലെയുള്ള വോസ്‌റ്റോച് നികോസ് മോ ഡ്രോമിൽ നിന്നാണ് ലൂണ വിക്ഷേപിച്ചത്. സോയുസ് 2 റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം. അഞ്ച് ദിവസം കൊണ്ട് ലൂണ ചന്ദ്രന്റെ ഗുരുത്വാകർഷണവലയത്തിലെത്തിയിരുന്നു. എഴ് ദിവസം കൊണ്ട് ലാൻഡിങ് നടത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ദൗത്യം വിജയിച്ചാൽ സോവിയറ്റ് യൂണിയന്റെ തകർച്ചക്ക് ശേഷം റഷ്യൻ മണ്ണിൽ നിന്നുള്ള ആദ്യ ചാന്ദ്രദൗത്യം എന്ന നേട്ടം ലൂണ- 25 സ്വന്തമാക്കും. അതേസമയം ഇന്ത്യൻ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ- 3 വിജയത്തിന് തൊട്ടരികെയെത്തി. രണ്ടാം ഡീ ബൂസ്റ്റിങ് വിജയകരമായി പൂർത്തിയാക്കിയതോടെ വിക്രം ലാൻഡർ ചന്ദ്രന് അരികെ എത്തി. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു രണ്ടാം ഡീ ബൂസ്റ്റിങ് നടന്നത്. ഇതോടെ കുറഞ്ഞ ദൂരം 25 കിലോമീറ്ററും കൂടിയ ദൂരം 134 കിലോമീറ്ററുമായി. സാങ്കേതിക പരിശോധനകൾ തുടരുന്നെന്ന് ഐഎസ്ആർഒ അറിയിച്ചു. അവസാന ഘട്ടവും കടക്കുന്ന അഭിമാന ചാന്ദ്ര ദൗത്യം ബുധനാഴ്ച 5:45 ന് സോഫ്റ്റ് ലാൻഡിങ് നടത്തും.

Related Posts

Leave a Reply