Kerala News

രാഹുൽ വയനാട്ടില്‍; കാട്ടാന ആക്രമണത്തില്‍ മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിക്കും

കൽപറ്റ: രാഹുൽ ഗാന്ധി എം പി വയനാട്ടിൽ എത്തി. വന്യമൃഗ ശല്യം രൂക്ഷമായ വയനാട്ടിൽ കഴിഞ്ഞ രണ്ടു മാസത്തിനിടെ നാലുപേരാണ് ജീവൻ വെടിഞ്ഞത്. ഈ മാസം 10 തീയതി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പടമല സ്വദേശി പനച്ചിയിൽ അജീഷിന്റെ വീട് രാഹുൽ സന്ദർശിക്കും. അതിനു ശേഷം കഴിഞ്ഞ് ദിവസം കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പാക്കം സ്വദേശി പോളിന്റെ വീട് സന്ദർശിക്കും. ഒരു മാസം മുൻപ് കടുവയുടെ ആക്രമണത്തിൽ മരിച്ച വാകേരി മൂടക്കൊല്ലി സ്വദേശി പ്രജീഷിന്റെ വീടും സന്ദർശിക്കും.

വലിയ വന്യമൃഗ ആക്രമണങ്ങളെ തുടർന്ന് ജനങ്ങളുടെ ജീവൻ നഷ്ടമായിട്ടും വയനാട് ലോക്സഭ എംപി മണ്ഡലം സന്ദർശിച്ചില്ലെന്ന വിമർശനം ഉണ്ടായിരുന്നു. ഉച്ചയോടു കൂടി ഹെലികോപ്റ്റർമാർഗ്ഗം കൽപ്പറ്റയിൽ നിന്നും കണ്ണൂരിലേക്ക് പോകുന്ന രാഹുൽ അവിടെ നിന്ന് ഡൽഹിക്ക് മടങ്ങും. ഭാരത് ജോഡോ ന്യായ് യാത്രക്ക് ചെറിയ ഇടവേള നല്‍കിയാണ് രാഹുല്‍ വയനാട്ടില്‍ എത്തുന്നത്. കണ്ണൂരിൽ നിന്ന് റോഡു മാർഗമാണ് രാഹുൽ വയനാട്ടിലേക്ക് എത്തിയത്. മവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിലൂടെയുള്ള യാത്ര ആയതിനാൽ കർശന സുരക്ഷയിലായിരുന്നു യാത്ര.

വനം വകുപ്പ് താൽക്കാലിക ജീവനക്കാരൻ പോളിൻ്റെ മൃതദേഹവുമായി പുൽപ്പള്ളിയിൽ പ്രതിഷേധിച്ചവർക്കെതിരെ പുൽപ്പള്ളി പൊലീസ് കേസെടുത്തിരുന്നു. രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കണ്ടാലറിയാവുന്ന 100 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തതിരിക്കുന്നത്. ഐപിസി 283, 143,147,149 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പ്രതിഷേധത്തിൻ്റെ ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. വനം വകുപ്പിന്റെ വാഹനം ആക്രമിച്ചതിനും ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും മൃതദേഹം തടഞ്ഞു വെച്ചതിനും പൊലീസ് ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞതിനും കേസ് എടുക്കുമെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Related Posts

Leave a Reply