പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോയുമായി സിപിഎം പത്തനംതിട്ട ഫേസ്ബുക്ക് പേജ്. “പാലക്കാട് എന്ന സ്നേഹ വിസ്മയം” എന്ന് അടിക്കുറിപ്പുള്ള വീഡിയോ ആണ് സിപിഎമ്മിന്റെ പേജിൽ പ്രത്യക്ഷപ്പെട്ടത്. 63,000 ഫോളോവേഴ്സ് ഉള്ള പേജിൽ അബദ്ധത്തിൽ പോസ്റ്റ് ചെയ്തതാണ് വീഡിയോ. എന്നാൽ സംഭവം ശ്രദ്ധയിൽ പെട്ട ഉടൻ രാത്രി തന്നെ ദൃശ്യങ്ങൾ ഒഴിവാക്കുകയായിരുന്നു. അതേസമയം, സംഭവത്തിൽ പ്രതികരണവുമായി സിപിഎം ജില്ലാ നേതൃത്വം രംഗത്തെത്തി. ഔദ്യോഗിക പേജ് അല്ലെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു പറഞ്ഞു. സിപിഎമ്മിന്റെ പേരിലുള്ള വ്യാജ അക്കൗണ്ട് ആണെന്നും കെപി ഉദയഭാനു വ്യക്തമാക്കി.