മലപ്പുറം: വിദ്യാർത്ഥികൾക്ക് ഉച്ചക്കഞ്ഞിക്കായി സർക്കാർ നൽകിയ അരി കടത്തിയ സംഭവത്തിൽ റിപ്പോർട്ടർ വാർത്തക്ക് പിന്നാലെ ഇടപെടലുമായി വിവിധ വകുപ്പുകൾ. സംസ്ഥാന ഭക്ഷ്യ കമ്മീഷൻ കേസെടുത്ത് അന്വേഷിക്കും. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് ഭക്ഷ്യ കമ്മീഷൻ അംഗം വി രമേശൻ റിപ്പോർട്ട് തേടി. പ്രാഥമിക പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിലാണ് കേസെടുക്കാൻ തീരുമാനിച്ചിരിക്കുന്നത്.
സാമ്പത്തിക നഷ്ടം തിരിച്ചു പിടിക്കാൻ സെക്രട്ടേറിയറ്റ് ധനകാര്യ പരിശോധന വിഭാഗം സ്‌കൂളിലെത്തി പരോശോധന നടത്തി. മലപ്പുറം ജില്ലാ ധനകാര്യ സ്ക്വാഡും പരിശോധനക്കെത്തി. നഷ്ടം കണക്കാക്കി മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കും. ഇതിന് പുറമെ മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറും നൂൺ ഫീഡിംഗ് സൂപ്രവൈസറും പരിശോധന നടത്തി. പരിശോധന ഇന്നും തുടരും.
രാത്രിയുടെ മറവിലാണ് അരിക്കടത്ത്. അരിച്ചാക്കുകൾ സ്വകാര്യ വാഹനത്തിൽ കടത്തുന്നത് ദൃശ്യങ്ങളിൽ കാണാം. അരിക്കടത്തിന് പിന്നിൽ സ്‌കൂളിലെ അധ്യാപകൻ തന്നെയെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ വകുപ്പിനും പഞ്ചായത്തംഗം ഹുസൈൻ ബാബു പരാതി നൽകിയിരുന്നു. നേരത്തെ ഈ സംഭവം പ്രധാനധ്യാപകരടക്കമുളള സ്കൂൾ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും വീണ്ടും അരിക്കടത്ത് നടത്തിയെന്നാണ് പരാതിക്കാരനായ ഹുസൈൻ ബാബുവിന്റെ ആരോപണം. അധികൃതർ ഇതിന് കൂട്ടുനിൽക്കുകയാണ്. എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കുളള മുട്ടയും പാലും സ്കൂളിൽ വിതരണം ചെയ്യുന്നില്ല. അതും കടത്തിക്കൊണ്ടു പോവുകയാണ്. മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകിയിട്ടുണ്ടെന്നും പരാതിക്കാരൻ വ്യക്തമാക്കിയിരുന്നു.