രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ എറണാകുളം റൂറൽ പൊലീസിന്‍റെ പിടിയിൽ. കോംഗോ പൗരന്‍ രെഗ്നാര്‍ പോളിനെയാണ് പൊലീസ് പിടികൂടിയത്. ബെംഗളൂരുവില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ദിവസങ്ങളോളം പലയിടങ്ങളില്‍ രാപ്പകല്‍ തമ്പടിച്ചാണ് കേരള പൊലീസ് ബെംഗളൂരു പൊലീസിന്റെ സഹായത്തോടെ രെഗ്നാര്‍ പോളിനെ കസ്റ്റഡിയിലെടുത്തത്.
മയക്കുമരുന്ന് സംഘങ്ങള്‍ക്കിടയില്‍ ക്യാപ്റ്റന്‍ എന്നറിയപ്പെടുന്ന രെഗ്നാര്‍ പോള്‍ 2014ല്‍ ആണ് സ്റ്റുഡന്റ് വിസയില്‍ ആണ് ബെംഗളൂരുവിലെത്തിയത്. പിന്നീട് ഇയാള്‍ പഠിക്കാന്‍ പോകാതെ മയക്കുമരുന്ന് വിപണനത്തിലേക്ക് മാറുകയായിരുന്നു.എറണാകുളം റൂറല്‍ എസ്പിയുടെ സ്‌ക്വാഡാണ് ഇയാളെ പിടികൂടിയത്.
200 ഗ്രാം എംഡിഎംഎ പിടിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ഇയാള്‍ പിടിയിലായത്. കേരളത്തിലേക്കെത്തുന്ന രാസലഹരിയില്‍ ഭൂരിഭാഗവും ഇയാളുടെ സംഘം വഴിയാണെന്നാണ് കരുതപ്പെടുന്നത്. കോടികണക്കിന് രൂപയുടെ മയക്കുമരുന്നാണ് സംഘം വില്‍പ്പന നടത്തിയിട്ടുള്ളത്.
ഗൂഗിള്‍ പേ വഴി തുക അയച്ചുകൊടുത്താല്‍ മയക്കുമരുന്ന് ആളില്ലാത്ത സ്ഥലത്ത് കൊണ്ടുവയ്ക്കുകയും പിന്നാലെ ഇതിന്റെ ലൊക്കേഷന്‍ മാപ്പ് അയച്ചുകൊടുക്കുന്നതുമാണ് രെഗ്നാര്‍ പോളിന്റെ രീതി. മയക്കുമരുന്ന് വാങ്ങാനെത്തിയ ആള്‍ അവിടെ പോയി മയക്കുമരുന്ന് എടുക്കണം. ഫോണ്‍ വഴി രെഗ്നാര്‍ പോളിനെ ബന്ധപ്പെടാനും സാധിക്കില്ല.