India News International News

‘രാജ്യാന്തര നയതന്ത്ര ഉടമ്പടികള്‍ ലംഘിച്ചിട്ടില്ല’; കാനഡയെ തള്ളി ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യയിലെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിച്ചതില്‍ കാനഡയുടെ വാദം തള്ളി വിദേശ കാര്യമന്ത്രാലയം. രാജ്യാന്തര നയതന്ത്ര ഉടമ്പടികള്‍ ലംഘിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യ നയതന്ത്ര ഉടമ്പടികള്‍ ലംഘിച്ചെന്ന് കാനഡ ആരോപിച്ചിരുന്നു.

‘ഇന്ത്യയിലെ കനേഡിയന്‍ നയതന്ത്ര സാന്നിധ്യത്തെക്കുറിച്ച് ഒക്ടോബര്‍ 19-ന് കാനഡ സര്‍ക്കാര്‍ നടത്തിയ പ്രസ്താവന കണ്ടിരുന്നു. കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നു. ഇരു രാജ്യങ്ങളിലും നയതന്ത്ര ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ സന്തുലിതാവസ്ഥ ഉണ്ടാകണം. വിയന്ന കണ്‍വെന്‍ഷന്റെ ഭരണഘടന പ്രകാരം തന്നെയാണ് നടപടി.’ വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി.

ഉദ്യോഗസ്ഥരുടെ നയതന്ത്ര പരിരക്ഷ പിന്‍വലിക്കുമെന്ന ഇന്ത്യയുടെ മുന്നറിയിപ്പ് നയതന്ത്ര ചട്ടങ്ങളുടെ ലംഘനമാണെന്ന് കാനഡ നേരത്തെ വിമര്‍ശിച്ചിരുന്നു. ഇന്ത്യയിലെ കനേഡിയന്‍ പൗരന്മാര്‍ക്കും കാനഡ ജാഗ്രത നിര്‍ദേശം നല്‍കി. തീവ്രവാദ ഭീഷണിയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നുമാണി നിര്‍ദേശം.

41 നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ പിന്‍വലിച്ചതോടെ 21 ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും മാത്രമാണ് ഇനി ഇന്ത്യയില്‍ ഉള്ളത്. നയതന്ത്ര പരിരക്ഷ റദ്ദാക്കുമെന്ന ഇന്ത്യയുടെ നിലപാടിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥരെ പിന്‍വലിച്ചതെന്നും ഇന്ത്യയുടെ നടപടി രാജ്യാന്തര നിയമങ്ങള്‍ക്കെതിരാണെന്നും കനേഡിയന്‍ വിദേശകാര്യ മന്ത്രി മെലാനി ജോളി അറിയിച്ചു. ഇന്ത്യയുടെ തീരുമാനം ഇരു രാജ്യങ്ങളിലേയും പൗരന്മാര്‍ക്കുള്ള സേവനങ്ങളുടെ നിലവാരത്തെ ബാധിക്കുമെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.

Related Posts

Leave a Reply