ന്യൂഡൽഹി: രാജ്യത്തെ മുഖ്യമന്ത്രിമാരുടെ ആസ്തി പുറത്ത് വിട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്. റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ മുഖ്യമന്ത്രിമാരിൽ ഏറ്റവും സമ്പന്നൻ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ്. 931 കോടിക്ക് മുകളിലാണ് ചന്ദ്രബാബു നായിഡുവിൻ്റെ ആസ്തി. അതേസമയം ഏറ്റവും കുറവ് ആസ്തിയുള്ള മുഖ്യമന്ത്രിമാരുടെ പട്ടികയിൽ മൂന്നാം സ്ഥാനമാണ് മുഖ്യമന്ത്രി പിണറായി വിജയൻ. 1,18,75,766 രൂപയാണ് മുഖ്യമന്ത്രിയുടെ ആസ്തിയായി റിപ്പോർട്ട് ചൂണ്ടികാട്ടുന്നത്. പട്ടികയിൽ ഏറ്റവും കുറവ് ആസ്തിയുള്ളത് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കാണ്. സമ്പന്നരിൽ രണ്ടാമത് അരുണാചൽ പ്രദേശിൻ്റെ പേമ ഖണ്ഡുവിനാണ്. കർണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യയാണ് സമ്പന്നരിൽ മൂന്നാമത്.
അതേ സമയം, 2023-24 കാലഘട്ടത്തിൽ ഇന്ത്യയുടെ ശരാശരി പ്രതിശീർഷ വാർഷിക വരുമാനം 1,85,854 രൂപയാണ്. എന്നാൽ മുഖ്യമന്ത്രിമാരുടെ ശരാശരി വരുമാനം 13,64, 310 രൂപ. ശരാശരി പ്രതിശീർഷ വാർഷിക വരുമാനത്തേക്കാൾ ഏഴിരട്ടിയിലേറെ വരുമാനമാണ് നിലവിൽ മുഖ്യമന്ത്രിമാർക്കുള്ളത്. മുഖ്യമന്ത്രിമാരിൽ രണ്ടുപേരാണ് ശതകോടീശ്വരന്മാരുള്ളത്. ശരാശരി ആസ്തി 52.59 കോടിയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഏറ്റവും കൂടുതൽ ആസ്തിയുള്ള മുഖ്യമന്ത്രിമാർ
എൻ. ചന്ദ്രബാബു നായിഡു (ആന്ധ്രപ്രദേശ്) -931.83 കോടി.
പേമ ഖണ്ഡു (അരുണാചൽ പ്രദേശ്) -332.56 കോടി.
സിദ്ധരാമയ്യ (കർണാടക) -51.93 കോടി.
നെഫ്യു റിയോ (നാഗലാൻഡ്) -46.95 കോടി.
മോഹൻ യാദവ് (മധ്യപ്രദേശ്) -42.04 കോടി.
കുറവ് ആസ്തിയുള്ള മുഖ്യമന്ത്രിമാർ
മമതാ ബാനർജി (പശ്ചിമ ബംഗാൾ) -15.38 ലക്ഷം.
ഒമർ അബ്ദുല്ല (ജമ്മു കശ്മീർ) -55.24 ലക്ഷം.
പിണറായി വിജയൻ (കേരളം) -1.18 കോടി.
അതിഷി (ഡൽഹി) -1.41 കോടി.
ഭജൻ ലാൽ ശർമ (രാജസ്ഥാൻ) -1.46 കോടി.