രാജ്കുമാർ റാവുവും ശ്രദ്ധ കപൂറും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സ്ട്രീ 2 വൻ വിജയമായി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. റിലീസ് ചെയ്ത ഏഴു ദിവസം പിന്നിടുമ്പോൾ ചിത്രം ആഗോളതലത്തിൽ 300 കോടിക്കടുത്തതാണ് കളക്ഷൻ നേടിയിരിക്കുന്നത്. ഇതോടെ ബോളിവുഡിൽ ഈ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി സ്ട്രീ 2 മാറി.
സാക്നിൽക് റിപ്പോർട്ടനുസരിച്ച് ₹ 271.85 കോടിയാണ് ചിത്രത്തിന്റെ ആഗോള കളക്ഷൻ. ഇന്ത്യയിൽ ആദ്യ ദിനം തന്നെ ചിത്രം 51.8 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. ഇന്നലെ ചിത്രത്തിന് 26.25 ശതമാനം ഹിന്ദി ഒക്യുപൻസി ഉണ്ടായിരുന്നു.
അമർ കൗശിക് സംവിധാനം ചെയ്ത സ്ട്രീ 2 സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. രാജ്കുമാർ, ശ്രദ്ധ, അഭിഷേക് ബാനർജി, പങ്കജ് ത്രിപാഠി, അപർശക്തി ഖുറാന എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്തത്. 2018ൽ എത്തിയ ഹൊറർ ചിത്രം സ്ട്രീയുടെ തുടർച്ച കൂടിയാണ് ചിത്രം. അക്ഷയ് കുമാറിൻ്റെ സ്പെഷ്യൽ അപ്പിയറൻസിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നടൻ വരുൺ ധവാൻ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്.