രാജി പ്രഖ്യാപനം ഉടനെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അപ്രതീക്ഷിത പ്രഖ്യാപനത്തില്‍ പ്രതികരണവുമായി ബിജെപി. കെജ്രിവാളിന്റെ രാജി പ്രഖ്യാപനം നാടകമാണെന്നാണ് ബിജെപിയുടെ ആരോപണം. രാജി പ്രഖ്യാപിക്കാന്‍ രണ്ട് ദിവസം കാത്തിരിക്കുന്നത് എന്തിനാണെന്നും ഇന്ന് തന്നെ രാജി വച്ചൂടെയുമെന്നാണ് ബിജെപിയുടെ പരിഹാസം. കെജ്രിവാളിന് ഉപാധികളോടെ മാത്രമാണ് ജാമ്യം ലഭിച്ചതെന്നും മദ്യനയ അഴിമതിയില്‍ കോടതി കെജ്രിവാളിനെ വെറുതെവിടാത്തതിനാലാണ് കെജ്രിവാള്‍ ഇപ്പോള്‍ ഈ വികാരനിര്‍ഭര നാടകം കളിക്കുന്നതെന്നും ബിജെപി ദേശീയ വക്താവ് ഷെസാദ് പൂനെവാല പറഞ്ഞു.
രാജി തീരുമാനം കെജ്രിവാളിന് മുന്‍പേ എടുക്കാമായിരുന്നെന്ന് ബിജെപി നേതാവ് ഹരിഷ് ഖുരാന പറഞ്ഞു. സെക്രട്ടറിയേറ്റില്‍ ഇരിക്കാന്‍ പറ്റാതെ, ഫയലുകളില്‍ ഒപ്പിടാന്‍ ബുദ്ധിമുട്ടി എന്തിനായിരുന്നു കെജ്രിവാള്‍ മുഖ്യമന്ത്രിയായി തുടരുന്നതെന്ന് ഡല്‍ഹിയിലെ ജനങ്ങള്‍ തന്നെ ചോദിച്ചിരുന്നു. ഇത് മുന്‍പേ കെജ്രിവാളിന് ആകാമായിരുന്നു. ഹരിഷ് പറഞ്ഞു. 48 മണിക്കൂറുകള്‍ കൂടി കാത്തിരിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. ഇന്ന് തന്നെ രാജിവച്ചൂടേയെന്നും ഹരിഷ് ചോദിച്ചു.
പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് കെജ്രിവാള്‍ അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്. അഗ്‌നിപരീക്ഷക്ക് തയ്യാറെന്നും ജനവിധിയോടെ തിരിച്ചു വരുമെന്നും കെജ്രിവാള്‍ പറഞ്ഞു. ജനങ്ങള്‍ തീരുമാനിക്കുന്നത് വരെ മുഖ്യമന്ത്രി കസേരയില്‍ ഇരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിലേക്ക് പോകാനാണ് തീരുമാനമെന്ന് അദ്ദേഹം അറിയിച്ചു. നവംബറില്‍ തെരഞ്ഞെടുപ്പ് വേണം. ഞാന്‍ സത്യസന്ധന്‍ എന്ന് ബോധ്യപ്പെട്ടാല്‍ വോട്ട് ചെയ്താല്‍ മതി. മഹാരാഷ്ട്ര ക്ക് ഒപ്പം ഡല്‍ഹി തിരഞ്ഞെടുപ്പ് നടത്തണം. താല്‍ക്കാലിക മുഖ്യമന്ത്രിയെ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കും – കെജ്രിവാള്‍ വ്യക്തമാക്കി. സിസോദിയ മുഖ്യമന്ത്രിയാകില്ലെന്നും താനും സിസോദിയയും ജനവിധി തേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.