തിരുവല്ല: രണ്ട് പീഡനക്കേസുകൾ ഉൾപ്പെടെ മൂന്ന് കേസുകളിൽ പ്രതിയായ സി സി സജിമോനെ ലോക്കൽ കമ്മിറ്റി സമ്മേളന പ്രതിനിധിയായി തിരഞ്ഞെടുത്തു. സിപിഐഎം തിരുവല്ല കോട്ടാലി ബ്രാഞ്ച് സമ്മേളനത്തിലാണ് സജിമോനെ പ്രതിനിധിയായി തിരഞ്ഞെടുത്തത്. സജിമോൻ ഉൾപ്പെടെ 5 പേരെയാണ് എൽ സി സമ്മേളന പ്രതിനിധിയായി തിരഞ്ഞെടുത്തത്. തിരുവല്ല കോട്ടാലി ലോക്കൽ കമ്മിറ്റി അംഗമാണ് സജിമോൻ.
പീഡനക്കേസിൽ അന്വേഷണം നടക്കുന്നത് ചൂണ്ടിക്കാട്ടി ഇയാളെ നേരത്തെ തിരുവല്ല ടൗൺ നോർത്ത് ലോക്കൽ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയിരുന്നു. എന്നാൽ സജിമോനെ വീണ്ടും പാർട്ടിയിലേക്ക് തിരിച്ചെടുക്കുകയായിരുന്നു. സജിമോനെ തിരിച്ചെടുത്തതിനെച്ചൊല്ലി പാർട്ടിക്കുള്ളിൽ നിന്നും അന്ന് എതിർപ്പ് ഉയർന്നിരുന്നു.
2017 ൽ വിവാഹിതയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന കേസിൽ സജിമോന്റെ അംഗത്വം പാർട്ടി സസ്പെൻഡ് ചെയ്തിരുന്നു. അന്ന് തിരുവല്ല നോർത്ത് ലോക്കൽ സെക്രട്ടറിയായിരുന്നു സജിമോൻ. കുട്ടിയുടെ പിതൃത്വം തെളിയിക്കാനുള്ള ഡിഎൻഎ പരിശോധന അട്ടിമറിച്ച സംഭവത്തിലും ആരോപണ വിധേയനായിരുന്നു. പിന്നാലെയാണ് കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയായത്. ഇതിന് പിന്നാലെ ലോക്കൽ കമ്മിറ്റിയിലേക്കെത്തി. ഇതിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ വിമർശനമുയർന്നതോടെ പാർട്ടിയിൽ നിന്ന് സജിമോനെ പുറത്താക്കാൻ തീരുമാനിക്കുകയായിരുന്നു.
ഒരേ വിഷയത്തിൽ സസ്പെൻഷനും പാർട്ടിയിൽ നിന്നും പുറത്താക്കലും ലഭിച്ചതോടെ സജിമോൻ സിപിഐഎം കൺട്രോൾ കമ്മീഷന് പരാതി നൽകി. 2022ൽ സിപിഐഎം വനിത നേതാവിനെ കാറിൽ കൊണ്ടുപോയി ലഹരി നൽകി നഗ്ന ദൃശ്യങ്ങൾ പകർത്തിയ കേസിലും പ്രതിയാണ് സജിമോൻ.