Kerala News

രണ്ടാം ബിജെപി സര്‍ക്കാര്‍ ആര്‍എസ്എസിന്റെ തീവ്ര അജണ്ടകളാണ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കണ്ണൂര്‍: രണ്ടാം ബിജെപി സര്‍ക്കാര്‍ ആര്‍എസ്എസിന്റെ തീവ്ര അജണ്ടകളാണ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതനിരപേക്ഷതയ്ക്ക് പോറല്‍ ഏല്‍പ്പിക്കുന്നതും ഭരണഘടനയെ പിച്ചിച്ചീന്തുന്നതിനും വേണ്ടിയുള്ള കാര്യങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്. ബിജെപിക്ക് തുടര്‍ഭരണം ലഭിച്ചാല്‍ രാജ്യത്തിന്റെ മതനിരപേക്ഷതയും സ്വാതന്ത്ര്യവും ജനാധിപത്യവും അപകടത്തിലാവുമെന്നും മുഖ്യമന്ത്രി റിപ്പോര്‍ട്ടര്‍ ടി വിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ്ലിങ്ങള്‍ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശം, കേരള സ്റ്റോറി ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിച്ചത്, കച്ചത്തീവ് പ്രശ്നം ഉന്നയിച്ചത്, ലാലു പ്രസാദ് യാദവ് മട്ടന്‍ കറി ഉണ്ടാക്കുന്നത് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചത്, തേജസ്വി യാദവ് മീന്‍ പൊരിച്ചത് കഴിച്ചു എന്നിങ്ങനെയുള്ള കാര്യങ്ങള്‍ മോദി വിവിധ ഘട്ടങ്ങളില്‍ പ്രചാരണായുധമായി ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട ചോദ്യത്തോടായിരുന്നു പ്രതികരണം.

‘ബിജെപിയുടെ രണ്ടാം ഊഴം ആര്‍എസ്എസിന്റെ തീവ്ര അജണ്ടകളാണ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ഇത് മതനിരപേക്ഷതയ്ക്ക് പോറല്‍ ഏല്‍പ്പിക്കുന്നു. ഭരണഘടനയെ പിച്ചി ചീന്തുന്നു. തനി വര്‍ഗീയ അജണ്ടയാണ് നടപ്പാക്കുന്നത്. ആ ഘട്ടത്തില്‍ ബിജെപിക്ക് തുടര്‍ഭരണം ലഭിച്ചാല്‍ രാജ്യത്തിന്റെ മതനിരപേക്ഷതയും സ്വാതന്ത്ര്യവും ജനാധിപത്യവും അപകടത്തിലാവും. രാഷ്ട്രം തന്നെ അപകടത്തിലാവും എന്ന ചിന്തയിലാണ് ജനങ്ങള്‍. ഏകീകരണം ബിജെപിക്കെതിരെ വന്‍തോതില്‍ രാജ്യത്ത് ഉയര്‍ന്നുവന്നിട്ടുണ്ട്. അത് പ്രധാനമന്ത്രിയെ അസ്വസ്ഥമാക്കുന്നുവെന്ന് വ്യക്തമാണ്. ഒരു രാഷ്ട്രീയ നേതാവും പറയാന്‍ പാടില്ലാത്തതാണ് അദ്ദേഹം പറയുന്നത്. പരസ്യമായി നിലപാട് എടുക്കുന്നത് മുസ്ലിമിനെ കണ്ടാല്‍ തല്ലികൊല്ലണമെന്ന് പറയുന്നതിന് തുല്ല്യമല്ലേ. ഹീനമായ പ്രചരണങ്ങള്‍ അഴിച്ചുവിടുമ്പോള്‍ മുസ്ലിമിനെ കാണുമ്പോള്‍ വെറുപ്പുളവാക്കുകയെന്നാണ് ഉദ്ദേശിക്കുന്നത്. തനി വര്‍ഗീയ അജണ്ട പുറത്തെടുത്ത് വര്‍ഗീയമായി ആളുകളെ വേര്‍തിരിക്കുകയാണ് പ്രധാനമന്ത്രി. മറ്റാരെങ്കിലുമാണ് ഇതെല്ലാം പറഞ്ഞതെങ്കില്‍ നടപടി നേരിടും. എന്നാല്‍ മുഖ്യമന്ത്രിക്കെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാവുന്നില്ല. ആ പരുവത്തിലാക്കി കഴിഞ്ഞു.’ മുഖ്യമന്ത്രി വിമര്‍ശിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളെ ശുപാര്‍ശ ചെയ്യേണ്ട കമ്മിറ്റിയില്‍ നിന്നും ചീഫ് ജസ്റ്റിനെ ഒഴിവാക്കിയതില്‍ നിന്നുതന്നെ എന്താണ് ഉദ്ദേശമെന്ന് എല്ലാവര്‍ക്കും വ്യക്തമായി കഴിഞ്ഞല്ലോയെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഭരണഘടനാസ്ഥാപമാണ്. ഇത്തരം വിവാദ വിഷയങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ടില്ലെങ്കില്‍ വലിയ പോറല്‍ ഏല്‍പ്പിക്കും. ജനാധിപത്യം സംരക്ഷിക്കാനുള്ള ഏറ്റവും ഒടുവിലത്തെ അവസരമാണ് ഇന്ത്യയിലെ ഈ തിരഞ്ഞെടുപ്പെന്ന് ഗാര്‍ഡിയന്‍ പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി.

പലഭക്ഷണ ക്രമങ്ങളും രീതികളുമുള്ള രാജ്യമാണിത്. വെജിറ്റേറിയന്‍ ഭക്ഷണം മാത്രമാണ് പവിത്രം. നോണ്‍ വെജ് പവിത്ര രഹിതം എന്ന നിലപാട് എവിടെയും സ്വീകരിക്കാനാവില്ല. ലോകത്തെ ഭക്ഷണക്രമം നോക്കുമ്പോള്‍ വലിയ വൈജാത്യം രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. ദേവന് കൊടുക്കുന്ന കാണിക്കയില്‍ നോണ്‍ വെജ് ഉണ്ട്. ചുട്ടമീനും ചിക്കന്‍ കറിയും കൊടുക്കുന്ന സ്ഥലമുണ്ട്. അത് ഒരു വിഭാഗത്തെ ആക്ഷേപിക്കലല്ല. അതല്ലേ നാനാത്വത്തില്‍ ഏകത്വം എന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സൂറത്തില്‍ നടന്നത് കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള ഒത്തുകളിയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. പല പരീക്ഷണങ്ങളാണ് രാജ്യത്ത് നടക്കുന്നത്.

‘നേരത്തെ ആ സംശയം പറഞ്ഞിരുന്നു. അന്ന് അത്ര വ്യക്തമായിരുന്നില്ല. ഏറ്റവും വിശ്വസ്തരാണ് നാമനിര്‍ദേശ പത്രികയില്‍ ഒപ്പിടുക. എന്നാല്‍ എന്റെ ഒപ്പ് അല്ലായെന്ന് പറയുകയാണ് ഇവിടെ. ഒത്തുകളി നടന്നുവെന്നത് ഹീനമായ വശമാണ്. ബിജെപിക്ക് സീറ്റ് ദാനം ചെയ്യുന്ന അവസ്ഥയാണ് ഉണ്ടായത്. ബിജെപിയായി മാറുന്ന കോണ്‍ഗ്രസുകാരെ കണ്ടിട്ടുണ്ട്. എന്നാല്‍ സ്ഥാനാര്‍ത്ഥിയുടെയും ഡമ്മിയുടെയും നാമനിര്‍ദേശ പത്രിക തള്ളിയെന്നത് ആശ്ചര്യമാണ്. അത് സംഭവിക്കാത്ത കാര്യമാണ്. പുതിയ പരീക്ഷണമാണ് നടക്കുന്നത്.’ മുഖ്യമന്ത്രി പറഞ്ഞു.

Related Posts

Leave a Reply