രണ്ടാം പിണറായി സർക്കാരിന് എതിരെ ആഞ്ഞടിച്ച് മുതിർന്ന സിപിഐഎം നേതാവ് ഇപി ജയരാജയൻ. പാർട്ടിയും സർക്കാരും തെറ്റുകൾ തിരുത്തണമെന്ന് ഇപി ജയരാജന്റെ ആത്മകഥയായ ‘കട്ടൻ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം’ത്തിൽ പറയന്നു. തന്റെ ഭാഗം കേൾക്കാതെയാണ് എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയത്. വിവാദ വിഷയങ്ങളിൽ ഉൾപ്പെടെ ഇപിയുടെ ആത്മകഥയിൽ പരാമർശിക്കുന്നുണ്ട്.
പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് ചർച്ചയാക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. സെക്രട്ടറിയേറ്റിൽ അറിയിച്ചശേഷമാണ് സാന്റിയാഗോ മാർട്ടിൻ അടക്കമുള്ളവരിൽ നിന്നും ദേശാഭിമാനിക്ക് പരസ്യം വാങ്ങിയത്. എന്നാൽ വിഎസ് അച്യുതാനന്ദൻ തനിക്ക് എതിരെ ആയുധമാക്കി. ഡോ.പി. സരിനെ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കിയതിലും അതൃപ്തി. ചേലക്കരയിൽ അൻവറിന്റെ സ്ഥാനാർത്ഥി എൽഡിഎഫിനും ദോഷമുണ്ടാക്കുമെന്നു പുസ്തകത്തിൽ പറയുന്നു. രാഷ്ട്രീയ വിവാദങ്ങൾക്ക് വിശദമായ മറുപടി പറയുന്ന പുസ്തകം ഡിസി ബുക്ക്സ് ഇന്ന് പുറത്തിക്കും.
ഇഎംഎസ് നൊപ്പമുള്ള ഇപിയുടെ ചിത്രമാണ് കവർപേജ് ആയി നൽകിയിട്ടുള്ളത്. കൺവീനർ സ്ഥാനത്തു നിന്നും മാറ്റിയതിൽ വലിയ പ്രയാസം ഉണ്ടാക്കിയതായാണ് ഇപി ജയരാജൻ ആത്മകഥയിൽ പറയുന്നത്. താൻ ഇല്ലാത്ത സെക്രട്ടറിയേറ്റിൽ ആണ് വിഷയം ചർച്ച ചെയ്തത്. പദവി നഷ്ടപ്പെട്ടു എന്നതിലല്ല പ്രയാസം. പാർട്ടി മനസ്സിലാക്കിയില്ല എന്നതാണ്. കേന്ദ്ര കമ്മറ്റി അംഗമായ തനിക്കെതിരെ തീരുമാനമെടുക്കേണ്ടത് കേന്ദ്രകമ്മിറ്റി ആണ്. ഈ വിഷയത്തിൽ പറയാനുള്ളത് കേന്ദ്രകമ്മിറ്റി അറിയിച്ചിട്ടുണ്ട്. അന്തിമ തീരുമാനം ഉണ്ടാകേണ്ടത് അവിടെയാണ്. ഉൾപ്പാർട്ടി ചർച്ചയിൽ പറയേണ്ടത് അവിടെ പറയുക എന്നതാണ് കമ്മ്യൂണിസ്റ്റ് ധർമ്മം. എന്നാൽ ഈ വിഷയത്തിൽ പാർട്ടിയെടുത്ത് തീരുമാനം അണികൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കി. എത്ര വിമർശനങ്ങൾ ഉണ്ടായാലും പാർട്ടിക്കൊപ്പം നിന്ന് പ്രവർത്തിക്കുമെന്ന് ഇപി ആത്മകഥയിൽ വ്യക്തമാക്കുന്നു.