Kerala News Top News

രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ഇന്ന്

രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ഇന്ന്. നിയമസഭയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കും. മുണ്ടക്കൈ-ചൂരൽമല പുനരധിവാസം, വിഴിഞ്ഞം പദ്ധതി, ക്ഷേമപെന്‍ഷന്‍ ഉയര്‍ത്തല്‍ തുടങ്ങി നിരവധി പ്രതീക്ഷകളാണ് ബജറ്റിലുള്ളത്. 100- രൂപ മുതല്‍ 200 രൂപ വരെ ക്ഷേമപെന്‍ഷന്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കൂടുതൽ ബാധ്യത ജനങ്ങളിലേക്ക് വരുമോയെന്നും ആശങ്കയുണ്ട്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഉൾപ്പെടെ മുന്നിൽക്കണ്ടുള്ള വന്‍കിട പദ്ധതികളുടെ പ്രഖ്യാപനങ്ങളും ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്തിന് പുത്തന്‍ ഉണര്‍വ് പകരാന്‍ എന്തെല്ലാം മാജിക്കല്‍ ഫോര്‍മുലകളാണ് ബജറ്റിലുണ്ടാകുകയെന്ന് കാത്തിരിക്കുകയാണ് കേരളം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കാനുള്ള ക്ഷാമബത്ത ആറ് ഗഡുക്കളുടെ കുടിശ്ശിക തീര്‍ക്കുമോ പെന്‍ഷന്‍കാര്‍ക്ക് നല്‍കാനുള്ള 7000 കോടിയുടെ കുടിശ്ശിക നല്‍കുമോ തുടങ്ങി നിരവധി വെല്ലുവിളികള്‍ സര്‍ക്കാരിന് മുന്നിലുണ്ട്. മുണ്ടക്കൈ ചൂരല്‍മല പുനരവധിവാസത്തിനും പുനര്‍നിര്‍മാണത്തിനും ബജറ്റില്‍ എത്ര തുക നീക്കി വയ്ക്കുമെന്നതും പ്രധാനപ്പെട്ട ചോദ്യമാണ്.

തദ്ദേശ തെരഞ്ഞെടുപ്പ് ഉടന്‍ വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ ബജറ്റില്‍ നിരവധി ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്. വിഴിഞ്ഞം, കൊല്ലം, പുനലൂര്‍ എന്നിവയെ ബന്ധിപ്പിക്കുന്ന സമ്പദ് ത്രികോണത്തിനായുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കപ്പെടുമെന്നും സൂചനയുണ്ട്. കേന്ദ്രബജറ്റില്‍ കേരളത്തിന് പൂര്‍ണ നിരാശയേറ്റുവാങ്ങേണ്ടി വന്ന പശ്ചാത്തലത്തില്‍ ബജറ്റിലെ പ്രഖ്യാപനത്തിനായി മണിക്കൂറുകളെണ്ണി കാത്തിരിക്കുകയാണ് കേരളം.

Related Posts

Leave a Reply