India News Sports

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയെ കറക്കിവീഴ്ത്തി ശ്രീലങ്ക.

കൊളംബോ: രണ്ടാം ഏകദിനത്തില്‍ ഇന്ത്യയെ കറക്കിവീഴ്ത്തി ശ്രീലങ്ക. ലങ്കയുടെ സ്പിന്നില്‍ വട്ടംകറങ്ങിയ ഇന്ത്യ 32 റണ്‍സിനാണ് പരാജയം വഴങ്ങിയത്. ലങ്കയുടെ 241 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 42.2 ഓവറില്‍ 208 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ശ്രീലങ്ക മുന്നിലെത്തി. ഒന്നാം ഏകദിനം സമനിലയില്‍ കലാശിച്ചിരുന്നു.

ആറ് വിക്കറ്റ് വീഴ്ത്തിയ ജെഫ്രി വാന്‍ഡര്‍സേയാണ് ഇന്ത്യയെ തകര്‍ത്തെറിഞ്ഞത്. 44 പന്തില്‍ 64 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ മാത്രമാണ് ഇന്ത്യന്‍ അർദ്ധശതകം കുറിച്ചത്. 44 റണ്‍സെടുത്ത അക്‌സര്‍ പട്ടേലും 35 റണ്‍സെടുത്ത ശുഭ്മന്‍ ഗില്ലും മാത്രമാണ് പിന്നീട് ഭേദപ്പെട്ട സംഭാവന നല്‍കിയത്.

ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലങ്ക നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് നേടി. കാമിന്ദു മെന്‍ഡിസ് (44 പന്തില്‍ 40 റണ്‍സ്) അവിഷ്‌ക ഫെര്‍ണാണ്ടോ (62 പന്തില്‍ 40 റണ്‍സ്) എന്നിവരാണ് ലങ്കയുടെ ടോപ് സ്‌കോറര്‍മാര്‍. ഇന്ത്യയ്ക്ക് വേണ്ടി വാഷിങ്ടണ്‍ സുന്ദര്‍ മൂന്നും കുല്‍ദീപ് യാദവ് രണ്ടും വീതം വിക്കറ്റുകള്‍ വീഴ്ത്തി.

മറുപടി ബാറ്റിങ്ങില്‍ മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ഓപ്പണിങ് വിക്കറ്റില്‍ രോഹിത് ശര്‍മ്മ– ശുഭ്മന്‍ ഗില്‍ സഖ്യം 97 റണ്‍സ് അടിച്ചെടുത്തു. എന്നാല്‍ വാന്‍ഡര്‍സേ പന്തെറിയാനെത്തിയതോടെ കാര്യങ്ങള്‍ പതുക്കെ ഇന്ത്യയുടെ കൈവിട്ടുപോവാന്‍ തുടങ്ങി. 14-ാം ഓവറില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ (64) പുറത്താക്കിയാണ് വാന്‍ഡര്‍സേ വിക്കറ്റ് വേട്ട ആരംഭിച്ചത്. അധികം വൈകാതെ ഗില്ലിനെയും (35) വാന്‍ഡര്‍സേ കൂടാരം കയറ്റി.

പിന്നാലെ ക്രീസിലെത്തിയ വിരാട് കോഹ്‌ലി (14) ശിവം ദുബെ (0), ശ്രേയസ് അയ്യര്‍ (7), കെ എല്‍ രാഹുല്‍ (0) എന്നിവരെയെല്ലാം വിക്കറ്റിന് മുന്നില്‍ കുരുക്കി വാന്‍ഡര്‍സേ കരുത്തുകാട്ടി. ഇതിനിടെ ക്രീസില്‍ പിടിച്ചുനിന്ന അക്‌സര്‍ പട്ടേല്‍ വാഷിങ്ടണ്‍ സുന്ദറിനെ കൂട്ടുപിടിച്ച് 38 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ അക്‌സറിനെ സ്വന്തം പന്തില്‍ പിടികൂടി ചരിത് അസലങ്ക ശ്രീലങ്കയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ വാഷിങ്ടണ്‍ സുന്ദറിനെയും (15) മുഹമ്മദ് സിറാജിനെയും (4) ചരിത് അസലങ്ക വിക്കറ്റിന് മുന്നില്‍ കുരുക്കി. 42.2-ാം ഓവറില്‍ അര്‍ഷ്ദീപ് സിങ്ങിനെ (3) കാമിന്ദു മെന്‍ഡിസ് റണ്ണൗട്ടാക്കിയതോടെ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു.

Related Posts

Leave a Reply