Kerala News

രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ തന്നെ ബന്ധപ്പെടുത്താൻ ബോധപൂർവം ശ്രമം നടന്നുവെന്ന് ജോത്സ്യൻ ദേവീദാസൻ

ബാലരാമപുരത്തെ രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ തന്നെ ബന്ധപ്പെടുത്താൻ ബോധപൂർവം ശ്രമം നടന്നുവെന്ന് ജോത്സ്യൻ ദേവീദാസൻ. പരാതി കിട്ടിയതുകൊണ്ടാണ് സ്റ്റേഷനിൽ പോയത്. കോവിഡിന് മുമ്പാണ് ഹരികുമാർ തന്റെ അടുത്ത് വന്നത്. ബുദ്ധിമാന്ദ്യം മാറി കിട്ടട്ടെ എന്ന് കരുതിയാണ് തന്റെ അടുത്ത് കൊണ്ട് വന്നതെന്ന് ദേവീദാസൻ പറഞ്ഞു. അവസാനമായി ഹരികുമാറിനെയും ശ്രീതുവിനെയും ഏഴുമാസം മുമ്പാണ് കണ്ടതെന്ന് ദേവീദാസൻ പറയുന്നു.

ഹിരകുാമറിന്റെ സ്വഭാവത്തിൽ പിന്നീട് മാറ്റം വന്നുവെന്നും മാനസികമായി വൈകല്യം ഉണ്ട് എന്ന് തോന്നിയെന്നും ദേവീദാസൻ പറഞ്ഞു. ഹരികുമാർ എന്തുപറഞ്ഞാലും ധിക്കാരത്തോടെ സംസാരിക്കും. ശ്രീതുവിൽ നിന്ന് ഒരു പൈസ പോലും വാങ്ങിച്ചിട്ടില്ലെന്ന് ദേവീദാസൻ വ്യക്തമാക്കി. ഹരികുമാർ ജോലി ചെയ്തിരുന്ന പൈസ അമ്മയും സഹോദരിയും ആണ് വാങ്ങിയിരുന്നത്. പൈസ കൈകാര്യം ചെയ്യാനുള്ള മാനസികശേഷിയും ഹരികുമാറിന് ഇല്ലായിരുന്നു. നോട്ട് എണ്ണാൻ പോലും ഹരികുമാറിന് അറിയില്ലായിരുന്നുവെന്ന് ദേവീദാസൻ പറഞ്ഞു.

ഇന്ന് 10 മണിക്ക് സ്റ്റേഷനിൽ ചെല്ലാൻ പറഞ്ഞിട്ടുണ്ട്. പോലീസുമായി പൂർണമായും സഹകരിക്കും. മൊബൈൽ പോലീസിന്റെ കൈവശമാണ്. ആരോപണത്തിൽ ഒരു ശതമാനം പോലും കഴമ്പില്ലെന്ന് ദേവീദാസൻ പറയുന്നു. ശ്രീതുവിനെ കൊണ്ട് ആരോ ചെയ്യിപ്പിച്ചത് ആയിരിക്കാം. ഒരു മാസ്റ്റർ ബ്രെയിൻ ഇതിന് പിന്നിൽ ഉണ്ടാകും. അന്ധവിശ്വാസങ്ങളുമായി ബന്ധപ്പെട്ട ഒരു ചർച്ചയും നടന്നിട്ടില്ല. അത്തരം പരിഹാരം നിർദ്ദേശിച്ചു കൊടുക്കേണ്ട ഒരു സാഹചര്യവും ഉണ്ടായിട്ടില്ല. ഹരികുമാറിൻ്റെ സ്വഭാവം മാറിയതോടെ പറഞ്ഞ് വിടുകയായിരുന്നുവെന്ന് ദേവീദാസൻ വ്യക്തമാക്കി.

ഹരികുമാറും ശ്രീതുവുമായി ബന്ധമുള്ളതിനാൽ ദേവീദാസനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. അതേസമയം റിമാൻഡിലായ പ്രതി ഹരികുമാറിന് വേണ്ടി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. പൂജപ്പുര മഹിളാമന്ദിരത്തിൽ തുടരുന്ന കുഞ്ഞിന്റെ അമ്മ ശ്രീതുവിനേയും ഇന്ന് ചോദ്യം ചെയ്തേക്കും.

Related Posts

Leave a Reply