തിരുവനന്തപുരം: രഞ്ജിത്ത് ഒഴിഞ്ഞ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തേയ്ക്ക് പുതിയ ആളെ ഉടൻ നിയമിച്ചേക്കില്ല. നിലവിലെ വൈസ് ചെയർമാൻ പ്രേംകുമാറിന് ചെയർമാൻ്റെ അധിക ചുമതല നൽകിയേക്കും. ഡിസംബറിൽ നടക്കുന്ന ഐഎഫ്എഫ്കെയ്ക്ക് മുന്നോടിയായി പുതിയ ചെയർമാനെ നിശ്ചയിച്ചേക്കും. ആരോപണങ്ങൾക്ക് പിന്നാലെയായിരുന്നു ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് കഴിഞ്ഞദിവസം സംവിധായകൻ രഞ്ജിത്തിന്റെയും എഎംഎംഎ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള നടൻ സിദ്ദിഖിന്റെയും രാജി.
ബംഗാളി നടിയായ ശ്രീലേഖ മിത്രയുടെ ലൈംഗികാരോപണം ഉയർന്നതിന് പിന്നാലെ രഞ്ജിത്ത് രാജിവക്കണമെന്ന മുറവിളികൾ ശക്തമായിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായതെന്ന് നടി പറഞ്ഞിരുന്നു. റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും തൊട്ടു പിന്നീട് കഴുത്തിലും മുടിയിലും തലോടിയെന്നും ശ്രീലേഖ മിത്ര മാധ്യമങ്ങളോട് പറഞ്ഞു.
ശ്യാമപ്രസാദ് സംവിധാനം ചെയ്ത അകലെയിലെ അഭിനയം കണ്ടാണ് രജ്ഞിത്ത് പാലേരി മാണിക്യത്തിലേക്ക് വിളിക്കുന്നത്. ഓഡിഷൻ എല്ലാം കഴിഞ്ഞതായിരുന്നു. രാവിലെ സംവിധായകൻ രഞ്ജിത്തുമായി കൊച്ചിയിൽ കൂടിക്കാഴ്ച നടത്തി. മലയാള സിനിമ വളരെ ഇഷ്ടമായിരുന്നു. മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ പോകുന്നതിന്റെ സന്തോഷമുണ്ടായിരുന്നു. വൈകീട്ട് അണിയറപ്രവർത്തകർക്കായി പാർട്ടിയുണ്ടായിരുന്നു. അവിടെ എത്തിയപ്പോൾ നിരവധി ആളുകൾ ഉണ്ടായിരുന്നു. നിർമാതാവാണ് ക്ഷണിച്ചത്. ഇവിടെ വെച്ച് തൻറെ റൂമിലേക്ക് വരാൻ രഞ്ജിത്ത് ക്ഷണിച്ചു. സിനിമയെ കുറിച്ച് ഡിസ്കസ് ചെയ്യാനാണെന്നാണ് ഞാൻ കരുതിയത്. റൂമിലെത്തിയതും അദ്ദേഹം കൈയിൽ തൊട്ടു, വളകൾ പിടിച്ചു. അത് വളരെ പ്രയാസമുണ്ടാക്കിയെന്നും നടി തുറന്നു പറഞ്ഞു. പാലേരി മാണിക്യം സിനിമയിലും, മറ്റു മലയാളം സിനിമകളിലും പിന്നീട് അവസരം കിട്ടിയില്ല. മോശം പെരുമാറ്റം എതിർത്തത് കൊണ്ട് മാത്രമാണ് അവസരം നിഷേധിച്ചതെന്നും അവർ വ്യക്തമാക്കി. എന്നാൽ സത്യം പുറത്ത് വരുമെന്നാണ് രഞ്ജിത്ത് രാജി സന്ദേശത്തിൽ പറഞ്ഞത്.
രഞ്ജിത്തിന്റെ രാജിക്ക് മുൻപാണ് എഎംഎംഎ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും സിദ്ദിഖ് രാജിവെച്ചത്. യുവനടി രേവതി സമ്പത്ത് ഉയർത്തിയ ലൈംഗികാരോപണത്തിന്റെ അടിസ്ഥാനത്തിലാണ് സിദ്ദിഖ് എഎംഎംഎ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചത്. പ്ലസ് ടു പഠിക്കുന്ന സമയത്താണ് സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയതെന്നും 2019-ൽ തന്നെ ഇക്കാര്യം പൊതു സമൂഹത്തിൽ തുറന്നുപറഞ്ഞിട്ടുണ്ടെന്നും രേവതി മാധ്യമങ്ങളോട് പറഞ്ഞു. പീഡനം നേരിട്ടുവെന്ന് തുറന്നു പറഞ്ഞതിന് പിന്നാലെ സിനിമയിൽ നിന്നും മാറ്റി നിർത്തപ്പെട്ടെന്നും അവർ കൂട്ടിച്ചേർത്തു. തന്റെ സമ്മതമില്ലാതെ ദേഹത്ത് കയറി ഉപദ്രവിച്ചയാളാണ് സിദ്ദിഖെന്നും അയാൾ നമ്പർ വൺ ക്രിമിനലാണെന്നും രേവതി ആരോപിച്ചു. സ്വയം കണ്ണാടി നോക്കിയാൽ അദ്ദേഹത്തിന് ക്രിമിനലിനെ കാണാമെന്നും രേവതി പറഞ്ഞു. 21ാം വയസിലാണ് തനിക്ക് ഇത്തരമൊരു അനുഭവമുണ്ടായതെന്നും അവർ കൂട്ടിച്ചേർത്തു. മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന ലൈംഗികാതിക്രമങ്ങളെ തുറന്നുകാട്ടുന്ന ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി പ്രമുഖ വ്യക്തികൾക്കെതിരായ ആരോപണങ്ങളാണ് പ്രതിദിനം പുറത്തുവരുന്നത്.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ മുകേഷിനെതിരെയും ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ് പ്രതിപക്ഷ യുവജന സംഘടനകൾ. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രഞ്ജിത്ത് രാജിവെച്ചത് പോലെ മുകേഷ് ധാർമികത ഏറ്റെടുക്കണം എന്നാണ് ആവശ്യം. മുകേഷ് അടക്കമുള്ളവരെ സംരക്ഷിക്കാൻ വേണ്ടിയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് നാല് വർഷം സർക്കാർ പുറത്ത് വിടാതിരുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. എന്നാൽ ആരോപണം പഴയതാണെന്നും ഇടത് എംഎൽഎ ആയതുകൊണ്ട് തന്നെ ആക്രമിക്കുകയാണെന്നുമായിരുന്നു മുകേഷിന്റെ വാദം.