Kerala News

യൂത്ത് കോൺഗ്രസ് വ്യാജ ഐ ഡി കാർഡ്: പൊലീസ് അന്വേഷണം കാര്യക്ഷമമല്ല, കേന്ദ്രം അന്വേഷിക്കണം: കെ.സുരേന്ദ്രൻ

യൂത്ത് കോൺഗ്രസിൻ്റെ നേതാക്കളുടെ വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ അന്വേഷണം കാര്യക്ഷമമല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണ് പോയിരുന്നതെങ്കിൽ പ്രതികൾക്ക് ഇടക്കാല ജാമ്യം കിട്ടില്ലായിരുന്നുവെന്നും കോഴിക്കോട് മാദ്ധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. പരസ്പര സഹകരണത്തിൻ്റെ ഭാഗമായി കേസ് ദുർബലമാക്കാൻ ശ്രമിച്ചാൽ ദേശീയ ഏജൻസികൾ വരാൻ വേണ്ടി ബിജെപി ശ്രമിക്കും. വ്യാജ കാർഡുണ്ടാക്കാൻ ആസൂത്രിത ഗൂഡാലോചന നടത്തിയവരിലേക്ക് അന്വേഷണം എത്തുന്നില്ല.

വ്യാജരേഖയല്ല, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡാണ് യൂത്ത് കോൺഗ്രസുകാർ വ്യാജമായി ഉണ്ടാക്കിയത്. യൂത്ത് കോൺഗ്രസിൻ്റെ വ്യാജ പ്രസിഡൻ്റിൻ്റെ കാറിൽ നിന്നാണ് പ്രതികളെ പിടിച്ചത്. അത് അയാൾ സമ്മതിച്ചതുമാണ്. എന്നിട്ടും അതിലേക്ക് അന്വേഷണം നടക്കാത്തത് സംശയാസ്പദമാണ്.

വിഡി സതീശൻ പിണറായി വിജയൻ്റെ അടുപ്പക്കാരനാണ്. സതീശൻ്റെ സ്വന്തം നഗരസഭ സിപിഐഎമ്മിനൊപ്പം ചേർന്ന് നവകേരളയാത്രയ്ക്ക് പണം നൽകിയിരിക്കുകയാണ്. ഇരുകൂട്ടരുടെയും അഡ്ജസ്റ്റ്മെൻ്റ് വ്യക്തമാണ്. ഇരട്ടത്താപ്പ് നിലപാടുള്ള സതീശൻ നാണമുണ്ടെങ്കിൽ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം.

പിടിയിലായ പ്രതികളെല്ലാം യൂത്ത് കോൺഗ്രസ് പ്രസിഡൻ്റിൻ്റെ അടുപ്പക്കാരാണ്. തിരഞ്ഞെടുപ്പ് കമ്മീഷന് സംഭവത്തിൻ്റെ ഗൗരവം ബോധ്യമായിട്ടുണ്ട്. എന്നാൽ കേരള സർക്കാർ തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് വ്യാജമായി ഉണ്ടാക്കിയത് ഗൗരവമായി കാണുന്നില്ല. രാജ്യദ്രോഹ കുറ്റത്തിൽ ഇടക്കാല ജാമ്യം എങ്ങനെ ലഭിച്ചു എന്നതാണ് ചോദ്യമെന്നും സുരേന്ദ്രൻ പറഞ്ഞു.

Related Posts

Leave a Reply