തിരുവനന്തപുരം: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച് യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് പരാതി നല്‍കിയത്.
സിആര്‍ കാര്‍ഡെന്ന അപ്ലിക്കേഷന്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിക്കാന്‍ ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ മാത്രം മതിയെന്നത് ഞെട്ടിക്കുന്നതാണെന്ന് പരാതിയില്‍ ചൂണ്ടികാട്ടുന്നു. രാജ്യസുരക്ഷയെയും ജനാധിപത്യ പ്രക്രിയയെയും ബാധിക്കുന്ന ഈ സംഭവത്തില്‍ സുതാര്യമായ അന്വേഷണം നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു. വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനും ബിജെപി ആലോചിക്കുന്നുണ്ട്.