യു.ജി.സി ചട്ടഭേദഗതിക്കെതിരെ നിയമസഭ പ്രമേയം പാസാക്കും. ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കും. ചട്ടഭേദഗതിക്കെതിരെ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കത്ത് നൽകിയിരുന്നു. ഈ സാഹചര്യത്തിൽ പ്രമേയം ഏകകണ്ഠമായി പാസാകും. വൈസ് ചാൻസലർമാരുടെ നിയമനത്തിനുള്ള പൂർണ അധികാരം ചാൻസലറായ ഗവർണർക്ക് നൽകിക്കൊണ്ടാണ് കേന്ദ്രം യുജിസി ചട്ടങ്ങൾ പരിഷ്കരിച്ചത്.
രാജ്യത്തെ സർവകലാശാല വൈസ് ചാൻസലർമാരുടെ നിയനമത്തിനുള്ള പൂർണ അധികാരം ചാൻസലറായ ഗവർണർക്ക് നൽകുന്നതാണ് യുജിസിയുടെ പുതിയ പരിഷ്കാരം. അധ്യാപകരുടെയും അക്കാദമിക് സ്റ്റാഫുകളുടെയും നിയമനത്തിനും സ്ഥാനക്കയറ്റത്തിനുമുള്ള പരിഷ്‌കരിച്ച കരട് ചട്ടങ്ങളിലാണ് ഗവർണർക്ക് പൂർണ അധികാരം നൽകിയിരിക്കുന്നത്.
വൈസ് ചാൻസലർ നിയമനത്തിനുള്ള സേർച്ച് കമ്മിറ്റി അധ്യക്ഷനെയും ഇനി ഗവർണർക്ക് നിർദേശിക്കാം. വൈസ് ചാൻസലർ സ്ഥാനത്തേക്ക് അഞ്ച് പേരുകൾ സെർച്ച് കമ്മിറ്റിക്ക് ചാൻസലറുടെ പരിഗണനയ്ക്ക് വിടാം. ഈ പേരുകളിൽ ഒരാളെ ചാൻസലർക്ക് വിസിയായി നിയമിക്കാം. പുനർ നിയമനത്തിനും അനുമതിയുണ്ട്. കേന്ദ്ര, സംസ്ഥാന സർവകലാശാലകൾക്ക് പുതിയ ചട്ടം ബാധകമാണ്. ഇതിന് വിരുദ്ധമായി നടത്തുന്ന വിസി നിയമനം അസാധുവാകുമെന്നും യുജിസി ചട്ടങ്ങളിൽ പറയുന്നു.