യു.കെയിൽ ജോലിക്കായി പോകുന്നതിനിടെ യുവതി കൊച്ചി വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ പള്ളിപ്പാട് നീണ്ടൂർ കൊണ്ടുരേത്ത് സുരേന്ദ്രന്റെ മകൾ സൂര്യാ സുരേന്ദ്രനാണ് മരിച്ചത്. മരണകാരണം കാർഡിയാക് ഹെമറേജ് മൂലമാണെന്നാണ് സൂചന.
ഞായറാഴ്ചയാണ് സംഭവം നടക്കുന്നത്. രാവിലെ 11.30ന് പള്ളിപ്പാട്ടെ വീട്ടിൽ നിന്ന് ബന്ധുക്കൾക്കൊപ്പം കൊച്ചി വിമാനത്താവളത്തിലേക്ക് യാത്ര തിരിച്ചു. വഴിയിലുടനീളം സൂര്യ ഛർദിക്കുന്നുണ്ടായിരുന്നു. പക്ഷേ അത് അത്ര ഗൗരവമായെടുത്തില്ല. വിമാനത്താവളത്തിലെത്തിയ സൂര്യ രാത്രി എട്ട് മണിയോടെ എമിഗ്രേഷൻ പരിശോധനയ്ക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും അവിടെ നിന്ന് പരുമലയിലെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. പിന്നീട് തിങ്കളാഴ്ച ആരോഗ്യ നില വഷളായതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.
എന്തുകൊണ്ടാണ് യുവതിയുടെ ആരോഗ്യനില പെട്ടെന്ന് മോശമായതെന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. യാത്ര പുറപ്പെടുന്നതിന് മുൻപ് അയൽവീട്ടിലെ അരളിച്ചെടിയുടെ പൂവ് യുവതി കടിച്ചുതിന്നിരുന്നു. ഇതേ തുടർന്നാകാം കാർഡിയാക് ഹെമറേജ് സംഭവിച്ചതെന്ന സംശയം സൂര്യയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർ പ്രകടിപ്പിച്ചതായി കേസ് അന്വേഷിക്കുന്ന ഹരിപ്പാട് എസ്എച്ച്ഒ അഭിലാഷ് കുമാർ പറഞ്ഞു. യുവതിക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നോ എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്. വണ്ടാനംമെഡിക്കൽ കേളജ് ആശുപത്രിയിലായിരുന്നു പോസ്റ്റുമോർട്ടം. ആന്തരികാവയവങ്ങൾ രാസ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം കൂടി ലഭിച്ചാൽ മാത്രമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത വരികയുള്ളു.
ബിഎസ്‌സി നഴ്‌സിംഗ് ബിരുദധാരിയായ സൂര്യ യുകെയിലേക്ക് ജോലിക്കായുള്ള യാത്രയിലായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് വീട്ടുവളപ്പിൽ നടന്നു.