India News

യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ വാദം പുനരാരംഭിച്ച് സുപ്രീം കോടതി.

ന്യൂഡല്‍ഹി: കൊല്‍ക്കത്തയില്‍ ആര്‍ജി കര്‍ ആശുപത്രിയില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ വാദം പുനരാരംഭിച്ച് സുപ്രീം കോടതി. സുപ്രീം കോടതി സ്വമേധയാ കേസെടുത്ത സംഭവത്തില്‍ സിബിഐയോട് ഇതുവരെയുള്ള അന്വേഷണ പുരോഗതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച നടന്ന വാദം കേള്‍ക്കലിന്റെ ബാക്കിയാണ് ഇന്ന് സുപ്രീം കോടതി പുനരാരംഭിച്ചത്.

മകളുടെ മരണം ആത്മഹത്യയാണെന്ന് കാണിച്ച് അതിജീവിതയുടെ കുടുംബത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും കുറ്റകൃത്യം നടന്ന സ്ഥലം മാറ്റിമറിച്ചെന്നും സിബിഐ ഇന്ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിയായ സഞ്ജയ് റോയ്ക്ക് മാത്രമേ കുറ്റകൃത്യത്തില്‍ പങ്കുള്ളുവെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. പ്രതിഷേധിക്കുന്ന ഡോക്ടര്‍മാരോട് തിരികെ ജോലിയില്‍ പ്രവേശിക്കണമെന്നും ഇവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കില്ലെന്ന ഉറപ്പ് വരുത്തുമെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു.

‘എല്ലാവരും തിരികെ ജോലിയില്‍ പ്രവേശിക്കണം. നാഷണല്‍ ടാസ്‌ക് ഫോഴ്‌സ് എല്ലാ പ്രതിനിധികളെയും കേള്‍ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. റെസിഡന്റ് ഡോക്ടര്‍മാരെ ഞങ്ങള്‍ കേള്‍ക്കുന്നതായിരിക്കും. കമ്മിറ്റിയില്‍ പൊതുജനാരോഗ്യത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മുതിര്‍ന്ന വനിതാ ഡോക്ടര്‍മാരുണ്ട്. ഈ കമ്മിറ്റി ഇന്റേര്‍ണ്‍സ്, റെസിഡന്റുമാര്‍, സീനിയര്‍ റെസിഡന്റുമാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫുമാര്‍ തുടങ്ങി എല്ലാവരെയും കേള്‍ക്കുന്നവരായിരിക്കും,’ കോടതി പറഞ്ഞു.

ഡോക്ടര്‍മാര്‍ 48 മണിക്കൂറോളം ജോലി ചെയ്യുന്നുവെന്നും അപ്പോള്‍ ഉപദ്രവിക്കുന്നവരെ ശാരീരകമായോ മാനസികമായോ നേരിടാനുള്ള ശേഷിയുണ്ടാകില്ലെന്നും കോടതി നിരീക്ഷിച്ചു. മരണത്തിന്റെ ജനറല്‍ ഡയറി രാവിലെ പത്ത് മണിക്ക് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും കുറ്റകൃത്യം നടന്ന സ്ഥലം പിടിച്ചെടുത്തതും സുരക്ഷിതമാക്കിയതും രാത്രി 11.30 ഓടു കൂടിയാണ്. ഈ സമയത്തിനിടയില്‍ എന്താണ് സംഭവിച്ചതെന്ന് കോടതി ചോദിച്ചു. അതേസമയം തന്റെ 30 വര്‍ഷത്തെ ജീവിതത്തിനിടയില്‍ കാണാത്ത നടപടി ക്രമങ്ങളാണ് ബംഗാളില്‍ കണ്ടതെന്ന് ജസ്റ്റിസ് ജെബി പര്‍ദിവാലയും കൂട്ടിച്ചേര്‍ത്തു.

 

Related Posts

Leave a Reply