India News

യുവഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തിൽ കൊൽക്കത്തയിൽ നാളെ ബഹുജന പ്രക്ഷോഭം.

കൊൽക്കത്ത: കൊല്‍ക്കത്തയിലെ യുവഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ കൊൽക്കത്തയിൽ നാളെ ബഹുജന പ്രക്ഷോഭം. ജൂനിയർ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്. സിബിഐ ഓഫീസിലെത്തി അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് തേടുമെന്നും ജൂനിയർ ഡോക്ടർമാർ അറിയിച്ചു. അതേസമയം കേസിൽ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്റെ നുണ പരിശോധന ഇന്ന് നടന്നേക്കും. സന്ദീപ് ഘോഷിനെയും കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ അഞ്ച് സുഹൃത്തുക്കളെയും നുണ പരിശോധനയ്ക്ക് വിധേയരാക്കാൻ കോടതി അനുവാദം നൽകിയിരുന്നു. സന്ദീപ് ഘോഷിന്റെ മൊഴികളിൽ വൈരുധ്യം ഉണ്ടെന്നാണ് സിബിഐയുടെ വിലയിരുത്തൽ. രാഷ്ട്രീയ സമ്മർദം ശക്തമായിരിക്കെ നുണ പരിശോധന അന്വേഷണത്തിൽ നിർണായകമാണ്.

ഓ​ഗസ്റ്റ് ഒൻപതിനായിരുന്നു കേസിനാസ്പദമായ സംഭവം. പി ജി വിദ്യാർത്ഥിയായ ഡോകടറുടെ മൃതദേഹം അർധന​ഗ്നമായ നിലയിൽ ആശുപത്രിയിലെ സെമിനാർ ഹാളിൽ‌ നിന്ന് കണ്ടെത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് സിബിഐ നടത്തിയ അന്വേഷണത്തിൽ റോയ് സെമിനാർ ഹാളിലേക്ക് കയറിപ്പോകുന്നത് കണ്ടെത്തിയിരുന്നു. സംഭവസ്ഥലത്തുനിന്ന് ഇയാളുടെ ബ്ലൂടൂത് ഹെഡ്സെറ്റും കണ്ടെത്തിയിരുന്നു.

അതേസമയം കുറ്റകൃത്യത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണത്തിൽ സിബിഐ കൂടുതൽ വിശദമായ പരിശോധനകൾ നടത്തുകയാണ്. ഫോറൻസിക് റിപ്പോർട്ട് സ്വതന്ത്ര്യമായി പ്രവർത്തിക്കുന്ന വിദ​ഗ്ധരുടെ പരിശോധനക്ക് അയച്ച ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടിയുടെ ശരീരത്തിൽ ഇരുപതിലധികം മുറിവുകൾ ഉള്ളതായി കണ്ടെത്തിയിരുന്നു. ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. മരണം കൊലപാതകമാണെന്നും യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ നിന്ന് ‘വെളുത്ത ദ്രവം’ കണ്ടെത്തിയതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

കൊലപാതകത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ആളിപ്പടരുകയാണ്. ഇന്ത്യയിലെ ആരോഗ്യപ്രവർത്തകരും സംഘടനകളും നടപടിയാവശ്യപ്പെട്ടും ആരോഗ്യപ്രവർത്തകർക്ക് സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ടും തെരുവിലിറങ്ങി. പശ്ചിമബംഗാളിൽ പ്രതിഷേധം പ്രക്ഷോഭമായി മാറിയിരിക്കുകയാണ്. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ പ്രതിരോധത്തിലാക്കുന്നതാണ് പ്രതിഷേധങ്ങൾ. മമത ബാനര്‍ജിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി അധ്യക്ഷന്‍ സുകന്ദ മജുംദാറിന്റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

Related Posts

Leave a Reply