ഇന്ത്യൻ വംശജനായ വയോധികനെ കൊലപ്പെടുത്തിയ കേസിൽ 14 കാരനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. ഈസ്റ്റേൺ ഇംഗ്ലണ്ടിലെ ഫ്രാങ്ക്‌ലിൻ പാർക്കിൽ നായയുമായി നടക്കാനിറങ്ങിയ 80 വയസുകാരനായ ഭീം കോഹ്ലിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ 14 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പ്രായപൂർത്തിയാകാത്തതിനാൽ പേര് പുറത്തുവിട്ടില്ല. കൗമാരക്കാരനായ പ്രതിയെ ലെയ്സെസ്റ്റർ മജിസ്ട്രേറ്റ് കോടതിയിലെ യൂത്ത് കോടതിയിൽ ഹാജരാക്കി.
സെപ്റ്റംബർ ഒന്നിനാണ് ഭീം കോഹ്ലി ഫ്രാങ്ക്ലിൻ പാർക്കിൻ്റെ പ്രവേശന കവാടത്തിന് മുന്നിൽ വെച്ച് അതിക്രമത്തിന് ഇരയായത്. ഉടനെതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴുത്തിനേറ്റ മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം പരിശോധനയിൽ കണ്ടെത്തി.
സംഭവത്തിൽ പ്രായപൂർത്തിയാകാത്ത അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. 14 കാരായ ആൺകുട്ടിയും പെൺകുട്ടിയും അറസ്റ്റ് ചെയ്യപ്പെട്ടു. 12 കാരായ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് അറസ്റ്റിലായ മറ്റുള്ളവർ. പിന്നീട് 14 കാരനെ മാത്രം കസ്റ്റഡിയിൽ നിർത്തി മറ്റ് നാല് പേരെയും പൊലീസ് വിട്ടയച്ചു. ഭീം കോഹ്ലിയെ ആക്രമിക്കാനുണ്ടായ കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.