Uncategorized

യുകെയിലേക്ക്  ജോലിക്കുള്ള വിസ; നിരവധി പേരിൽ നിന്ന്  ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയില്‍.

മാവേലിക്കര: യുകെയിലേക്ക്  ജോലിക്കുള്ള വിസ തരപ്പെടുത്തി കൊടുക്കാമെന്ന്  പറഞ്ഞു വിശ്വസിപ്പിച്ച് നിരവധി പേരിൽ നിന്ന്  ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയില്‍. മാവേലിക്കര ഉൾപ്പെടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പണം തട്ടിയ യുവാവിനെയാണ് മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം ഗാന്ധി നഗർ ഏറ്റുമാനൂർ അതിരമ്പുഴ പേരൂർ മുറിയിൽ പൈങ്കിൽ വീട്ടിൽ ബെയ്‌സിൽ  ലിജു ( 24) നെയാണ് മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. 

മാവേലിക്കര പൂവിത്തറയിൽ വീട്ടിൽ  മിഥുൻ മുരളിയുടെ പരാതി പ്രകാരമാണ് അറസ്റ്റ്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ലിജുവിനെതിരെ കുണ്ടറ പൊലീസ് സ്റ്റേഷനിലടക്കം വിസ തട്ടിപ്പ് കേസുകൾ ഉള്ളതായി കണ്ടെത്തി. പലരിൽ നിന്നായി ഇയാൾ ഏകദേശം 15 ലക്ഷത്തോളം രൂപയാണ് തട്ടിയത്. വിസ വാഗ്ദാനം ചെയ്ത് പണം വാങ്ങി തിരുവനന്തപുരത്തെ ആശുപത്രിയിൽ കൊണ്ടുപോയി ഉദ്യോഗാർഥികളുടെ മെഡിക്കൽ പരിശോധന നടത്തും. വിസ ഓൺലൈൻ ആയി മൊബൈൽ ഫോണിൽ എത്തും എന്ന് പറഞ്ഞ് വിമാന ടിക്കറ്റിന്റെ കോപ്പിയും നൽകും. വിസ കാത്തിരുന്ന് ലഭിക്കാതെ വിളിക്കുമ്പോള്‍ ഇയാള്‍ ഫോണ്‍ എടുക്കില്ല. വിസ വാഗ്ദാനം നൽകി വാങ്ങുന്ന പണം ഗോവ, ബംഗളൂരു അടക്കമുള്ള സ്ഥലങ്ങളിൽ പോയി ധൂർത്തടിച്ചു തീർക്കുകയും ചെയ്യും. പണം തീരുമ്പോള്‍ വീണ്ടും നവ മാധ്യമങ്ങളിൽ കൂടി പരസ്യം നൽകുകയാണ് പ്രതിയുടെ രീതി. 

മാവേലിക്കര പൊലീസ് ഇൻസ്‌പെക്ടർ  സി ശ്രീജിത്ത്‌,  എസ് ഐ നിസാർ, എന്നിവർ  നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. എസ് ഐ രമേശ്‌, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷൈജു, ലിമു, ഷാനവാസ്‌, സുനീഷ്, ജവഹർ, സിയാദ് എന്നിവരും അന്വേഷണ  സംഘത്തിലുണ്ടായിരുന്നു. മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Related Posts

Leave a Reply