India News International News

യുഎസിൽ ഇന്ത്യക്കാരി 10 വയസുള്ള മകനെ പട്ടിണിക്കിട്ട് കൊന്നു, എല്ലും തോലുമായി മൃതദേഹം

നോർത്ത് കരോലിന: അമേരിക്കയിൽ  10 വയസുള്ള മകനെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ ഇന്ത്യക്കാരിയായ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. നോർത്ത് കരോലിനയിലാണ് ദാരുണമായ സംഭവം നടന്നത്. കണ്ട്രോൾ റൂമിലേക്കെത്തിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയപ്പോഴാണ് കുട്ടിയെ  മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ ഇന്ത്യക്കാരിയായ  പ്രിയങ്ക തിവാരി (33)യെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് 5.30 ഓടെയാണ് കുട്ടിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. പ്രിയങ്ക തന്നെയാണ് പൊലീസ് കണ്ട്രോൾ റൂമിൽ വിളിച്ച് തന്‍റെ മകൻ അബോധാവസ്ഥയിലായെന്നും പ്രതികരിക്കുന്നില്ലെന്നും അറിയിക്കുന്നത്. ഉടനെ പൊലീസും വൈദ്യസംഘവും സ്ഥലത്തെത്തി സിപിആർ അടക്കമുള്ള ചികിത്സ നൽകിയെങ്കിലും കുട്ടി മരിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മകൻ ഏറെ നാളുകളായി ഭക്ഷണം കഴിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ മനസിലാക്കുന്നത്. കുട്ടിയുടെ ശരീരം ഭാരം കുറഞ്ഞ് എല്ലും തോലുമായ നിലയിലായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 

സംഭവത്തിന് പിന്നാലെ വ്യാഴാഴ്ചയാണ് കുട്ടിയുടെ അമ്മ പ്രിയങ്കയ്ക്കെതിരെ പൊലീസ്  കൊലക്കുറ്റം ചുമത്തി കേസെടുത്ത് അറസ്റ്റ് ചെയ്ത്.  ജനുവരി 11ന്  പ്രിയങ്ക തിവാരിയെ കോടതിയിൽ ഹാജരാക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ കുട്ടിയുടെ മരണം സംഭവിച്ച് വിശദവിവരങ്ങൾ പുറത്തുവരൂ. കൊല്ലപ്പെട്ട കുട്ടിയുടെ സഹോദരൻ ആരോഗ്യവകുപ്പ് അധികൃധരുടെ സംരക്ഷണയിലാണ്. 10 വയസുകാരന്‍റെ മരണം ഞെട്ടിപ്പിക്കുന്നതാണെന്നാണ് അയൽവാസികൾ പ്രതികരിച്ചത്. പ്രിയങ്കയും ഭർത്താവും ഏറെ നാളായി പിരിഞ്ഞ് കഴിയുകയായിരുന്നുവെന്നും മരണപ്പെട്ട കുട്ടിയെ ഏറെ നാളായി വീടിന് പുറത്ത് കാണാറില്ലായിരുന്നുവെന്നുമാണ് അയൽവാസികൾ  പൊലീസിന് നൽകിയ മൊഴി. പ്രിയങ്കയുടെ ബന്ധുക്കളെ പൊലീസ് വിവരം അറിയിച്ചിട്ടുണ്ട്. കുട്ടിയുടെ പിതാവിനെക്കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി.  

Related Posts

Leave a Reply