താനൂർ കസ്റ്റഡി മരണ കേസിൽ പോസ്റ്റുമോർട്ടം നടത്തിയ ഫോറൻസിക് സർജൻ പൊലീസിനെതിരെ മൊഴി നൽകി. മർദനം മരണത്തിന് കാരണമായി എന്നാണ് ഡോ.ഹിതേഷ് ശങ്കർ സിബിഐക്ക് നൽകിയ മൊഴി. കേസിൽ അന്വേഷണ സംഘം മൊഴി എടുക്കൽ പൂർത്തിയാക്കി.
താമിർ ജിഫ്രിയെ പോസ്റ്റ്മോർട്ടം ചെയ്ത മഞ്ചേരി മെഡിക്കൽ കോളേജിലെ ഡോ ഹിതേഷ് ശങ്കർ സിബിഐക്ക് നൽകിയ മൊഴിയുടെ വിശദംശങ്ങൾ ആണ് പുറത്ത് വന്നത്. ശ്വാസകോശത്തിലെ നീർക്കെട്ട് മൂലമാണ് മരണം സംഭവിച്ചത് എങ്കിലും ശരീരത്തിലേറ്റ മർദനമാണ് നീർകെട്ടിന് കാരണം എന്നാണ് ഫോറൻസിക് സർജന്റെ മൊഴി.
അമിത ലഹരി ഉപയോഗവും നീർകെട്ടിന് കാരണമായിട്ടുണ്ട്.താമിർ ജിഫ്രിയുടെ രോഗ വിവരങ്ങളും ലഹരിയുടെ അളവും സിബിഐ സംഘം ശേഖരിച്ചു.മുൻ മലപ്പുറം എസ്പി കേസിൽ സ്വാധീനിക്കാൻ ശ്രമിച്ചോ എന്നും സിബിഐ ആരാഞ്ഞു.എസ്പി വന്ന് കണ്ടിരുന്നു എന്നാൽ സ്വാധീനിച്ചിട്ടില്ലെന്നും മൊഴി നൽകി.താമിറിന്റെ ശരീരത്തിൽ 21 മുറിവുകൾ ഉണ്ടെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.ഇതിന്റെ ചിത്രങ്ങൾ അന്വേഷണ സംഘത്തിന് കാണിച്ചു കൊടുത്തു. സിബിഐ ഡിവൈഎസ്പി കുമാർ റോണക്കും സംഘവും ആണ് കേസ് അന്വേഷിക്കുന്നത്.2023 ഓഗസ്റ്റ് ഒന്നിന് ആണ് താനൂർ പൊലീസ് കസ്റ്റഡിയിൽ താമിർ ജിഫ്രി മരിച്ചത്.
