മോട്ടർ വാഹന വകുപ്പു പിടിച്ചെടുത്ത റോബിൻ ബസ് വിട്ടുനൽകണമെന്ന് പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ ഉത്തരവ്. നിയമ ലംഘനത്തിന് ചുമത്തിയ 82,000 രൂപ പിഴ അടച്ച സാഹചര്യത്തിലാണ് ബസ് വിട്ടുകൊടുക്കാനുള്ള ഉത്തരവ് കോടതി പുറപ്പെടുവിച്ചത്. പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു റോബിൻ ബസ് പിടിച്ചെടുത്തത്. ബസ്സിലുള്ള സാധനങ്ങളുടെ ലിസ്റ്റ് പത്തനംതിട്ട സ്റ്റേഷൻ ഹൗസ് ഓഫിസർ തയ്യാറാക്കണം. റോബിൻ ബസ് ഉടമ ബേബി ഗിരീഷിന് ബസ് വിട്ടു നൽകണമെന്നാണ് കോടതി ഉത്തരവിൽ വ്യക്തമാക്കുന്നത്. ബസ് പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചാൽ വെയിലും മഴയുമേറ്റ് വാഹനം കേടാകുമെന്ന വാദം പരിഗണിച്ചാണ് ബസ് വിട്ടുനൽകാൻ കോടതി ഉത്തരവിട്ടത്. പിഴ ഒടുക്കിയാൽ ബസ് വിട്ടുനൽകണമെന്ന് ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു.