20 ദിവസം മുൻപ് രാജ്യത്തെ നിരവധി ഫോണുകൾ ഒരേ സമയം ശബ്ദിച്ചു. വലിയ ശബ്ദത്തോടുകൂടിയുള്ള ബീപ് അലേർട്ടും ഒപ്പം അടിയന്തര മുന്നറിയിപ്പ് എന്ന ഫ്‌ളാഷ് സന്ദേശവുമാണ് ഒരേ സമയം ഫോണുകളിലേക്കെത്തിയത്. ഇത്തരത്തിൽ ഇന്ന് കേരളത്തിലെ എല്ലാ ഫോണുകളും ഒരു പോലെ ശബ്ദിക്കും. എന്നാൽ ഇതിൽ പരിഭ്രാന്തരാകേണ്ടന്നാണ് അധികൃതർ പറയുന്നത്. നോട്ടിഫിക്കേഷൻ ശബ്ദത്തിന് ഒപ്പം നിങ്ങൾക്ക് ഒരു മുന്നറിയിപ്പ് സന്ദേശവും ലഭിക്കും.
പ്രകൃതി ദുരന്തങ്ങൾ അടിയന്തരമായി ഫോണുകളിലൂടെ അറിയിക്കാനും സുരക്ഷാ മുൻകരുതലെടുക്കാനും സഹായിക്കുന്ന സെൽ ബ്രോഡ് കാസ്റ്റിങ് സംവിധാനത്തിന്റെ പരീക്ഷണമാണ് നടക്കുക. മൊബൈൽ റീചാർജ് ചെയ്യുമ്പോഴും മറ്റും അലർട്ട് ബോക്‌സിനു സമാനമായി ലഭിക്കുന്ന സന്ദേശമാണ് സെൽ ബ്രോഡ്കാസ്റ്റ്. ഇതിന് മുന്നോടിയായി ഇത്തരത്തിലൊരു പരീക്ഷണം നടക്കുന്നുണ്ടന്ന് ചൂണ്ടിക്കാട്ടി നിങ്ങളുടെ ഫോണുകളിലേക്ക് സന്ദേശം ഉടൻ എത്തും.
പ്രധാന അറിയിപ്പ്: വ്യത്യസ്തമായ ശബ്ദവും വൈബ്രേഷനും ഉള്ള ഒരു അടിയന്തര സാഹചര്യത്തെക്കുറിച്ച് നിങ്ങളുടെ മൊബൈലിൽ ഒരു പരീക്ഷണ സന്ദേശം ലഭിച്ചേക്കാം. പരിഭ്രാന്തരാകരുത്, ഈ സന്ദേശം യഥാർത്ഥ അടിയന്തരാവസ്ഥയെ സൂചിപ്പിക്കുന്നില്ല. ആസൂത്രിത പരീക്ഷണ പ്രക്രിയയുടെ ഭാഗമായി ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുമായി സഹകരിച്ച് ഇന്ത്യാ ഗവൺമെന്റ് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് ഈ സന്ദേശം അയയ്ക്കുന്നു. ഇങ്ങനെയാണ് പരീക്ഷണത്തിന് മുന്നോടിയായി ഫോണുകളിൽ ലഭിക്കുന്ന സന്ദേശം.
നിരവധി സംസ്ഥാനത്ത് ഇതിനോടകം തന്നെ ഈ പരീക്ഷണം വിജയകരമായി പരീക്ഷിച്ചു കഴിഞ്ഞു. ‘ഇത് ഇന്ത്യാ ഗവൺമെന്റിലെ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് സെൽ ബ്രോഡ്കാസ്റ്റിംഗ് സിസ്റ്റം വഴി അയച്ച ഒരു സാമ്പിൾ ടെസ്റ്റിംഗ് സന്ദേശമാണ്. നിങ്ങളുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും ആവശ്യമില്ലാത്തതിനാൽ ഈ സന്ദേശം അവഗണിക്കുക. ഈ സന്ദേശം അയച്ചിരിക്കുന്നത് പാൻഇന്ത്യ എമർജൻസി അലേർട്ട് സിസ്റ്റം നടപ്പിലാക്കുന്നത് പരിശോധിക്കാനാണ്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി. പൊതുജന സുരക്ഷ വർദ്ധിപ്പിക്കാനും അടിയന്തര ഘട്ടങ്ങളിൽ സമയബന്ധിതമായ അലേർട്ടുകൾ നൽകാനും ഇത് ലക്ഷ്യമിടുന്നു. എന്നായിരിക്കും വലിയ ശബ്ദത്തോടുകൂടിയുള്ള നോട്ടിഫിക്കേഷനൊപ്പം ഫോണിൽ ലഭിക്കുന്ന സന്ദേശം.
ഈ ടെസ്റ്റ് അലേർട്ടുകൾ യഥാർത്ഥ അടിയന്തരാവസ്ഥയെ സൂചിപ്പിക്കുന്നില്ല എന്നും ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാൻ സാമ്പിൾ ടെസ്റ്റി് മെസേജ്’ എന്ന് ലേബൽ ചെയ്യുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലായിരിക്കും കോമൺ അലെർടിങ് പ്രോട്ടോക്കോൾ പദ്ധതി നടപ്പിലാക്കുന്നത്. സുനാമി, വെള്ളപ്പൊക്കം, ഭൂകമ്പം തുടങ്ങിയ ദുരന്തങ്ങളുടെ സമയത്തും മറ്റ് സാഹചര്യങ്ങളിലും ഇത് ഉപയോഗിക്കും.
മൊബൈൽ ഫോണിന് പുറമേ ടിവി, റേഡിയോ, സമൂഹമാധ്യമങ്ങൾ അടക്കമുള്ളവയിൽ സമാനമായ അലർട്ട് നൽകാനും ശ്രമം നടക്കുന്നുണ്ട്. ആവശ്യമായ മേഖലകൾ തിരിച്ച് അറിയിപ്പ് നൽകാൻ കഴിയുമെന്നതാണ് സെൽ ബ്രോഡ് കാസ്റ്റിന്റെ പ്രത്യേകത.