Kerala News

മൈനാഗപ്പള്ളി വാഹനാപകട കേസില്‍ പ്രതിയായ ഡോ. ശ്രീക്കുട്ടിയെ ഒന്നാം പ്രതിയായ അജ്മല്‍ കുടുക്കിയതെന്ന് അമ്മ

കൊല്ലം: മൈനാഗപ്പള്ളി വാഹനാപകട കേസില്‍ പ്രതിയായ ഡോ. ശ്രീക്കുട്ടിയെ ഒന്നാം പ്രതിയായ അജ്മല്‍ കുടുക്കിയതെന്ന് അമ്മ സുരസി. മകള്‍ മദ്യപിക്കാറില്ലെന്നും പാവപ്പെട്ട ഒരു സ്ത്രീയെ കൊല്ലാന്‍ മകള്‍ ഒരിക്കലും പറയില്ലെന്നും അമ്മ പ്രതികരിച്ചു.

‘എന്റെ വീട്ടിലെ ആരും മദ്യപിക്കില്ല. ശ്രീക്കുട്ടി മദ്യപിച്ചിട്ടുണ്ടോയെന്ന് അറിയില്ല. അവന്‍ കുടിപ്പിച്ചതാണോയെന്നും അറിയില്ല. പാവപ്പെട്ട ഒരു സ്ത്രീയെ കൊല്ലാന്‍ എന്റെ മകള്‍ ഒരിക്കലും പറയില്ല. എല്ലാവരെയും സഹായിക്കുന്നയാളാണ്. ഒരു രോഗി വന്നാല്‍ പൂര്‍ണ്ണസഹായം നല്‍കിയിട്ടേ തിരിച്ചുവരൂ. നന്മ ചെയ്യുന്നയാളാണ്. അജ്മല്‍ എന്റെ മകളെ കുടുക്കിയതാണ്. എന്റെ മകളെ ജയിലില്‍ ആക്കാനാണ് എല്ലാം ചെയ്തത്. മറ്റെന്തെല്ലാം ചെയ്യാം. എന്തിനാണ് ഒരു പാവം സ്ത്രീയെ കൊന്നത്. അമ്മ എപ്പോള്‍ വരും എന്ന് ചോദിച്ച് കിടപ്പാണ് ശ്രീക്കുട്ടിയുടെ മകന്‍. അവന് പനി വന്നു’, ശ്രീക്കുട്ടിയുടെ അമ്മ പറഞ്ഞു.

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന കേസിലെ രണ്ടാം പ്രതിയാണ് ശ്രീക്കുട്ടി. ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ശാസ്താംകോട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

ഇക്കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് മൈനാഗപ്പള്ളിയില്‍ അപകടമുണ്ടായത്. സ്‌കൂട്ടര്‍ യാത്രികയായ കുഞ്ഞുമോളെ കാര്‍ ഇടിച്ചിടുകയായിരുന്നു. കേസിലെ പ്രതി അജ്മലിന്റെ സുഹൃത്തിന്റെ മാതാവിന്റെ പേരിലുള്ള കാറാണ് അപകടം വരുത്തിയത്.

Related Posts

Leave a Reply