Kerala News

മൈനാഗപ്പള്ളിയിൽ യുവതിയെ കാറിടിച്ച് കൊന്ന കേസിൽ കൂടുതൽ ആരോപണങ്ങളുമായി പരിക്കേറ്റ ഫൗസിയ.

കൊല്ലം: മൈനാഗപ്പള്ളിയിൽ യുവതിയെ കാറിടിച്ച് കൊന്ന കേസിൽ കൂടുതൽ ആരോപണങ്ങളുമായി പരിക്കേറ്റ ഫൗസിയ. കാർ അമിത വേഗത്തിലായിരുന്നുവെന്നും നിയന്ത്രണമില്ലാതെയാണ് വന്നിടിച്ചതെന്നും സ്‌കൂട്ടർ ഓടിച്ചിരുന്ന ഫൗസിയ പറഞ്ഞു. കുഞ്ഞുമോൾ കാറിന്റെ അടിയിലേക്ക് വീണു. കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി. എതിർ ദിശയിലേക്ക് വീണതിനാലാണ് തൻറെ ജീവൻ തിരിച്ചുകിട്ടിയതെന്നും ഫൗസിയ പറ‍ഞ്ഞു. അപകടത്തിൽ ഫൗസിയയുടെ കൈയ്ക്കും കാലിനും പരിക്കുണ്ട്. അതേസമയം, പ്രതി അജ്മലിനതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു.

മനപൂർവ്വമായ നരഹത്യ, അലക്ഷ്യമായി വാഹനം ഓടിക്കൽ, മോട്ടോർ വെഹിക്കിൾ ആക്ട് എന്നിവ പ്രകാരം ശാസ്താംകോട്ട പൊലീസാണ് കേസെടുത്തത്. അജ്മൽ മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് വൈദ്യപരിശോധനയിൽ വ്യക്തമായിട്ടുണ്ട്. വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കൊല്ലം ജില്ലാ പൊലീസ് മേധാവി രണ്ടാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി കെ ബീനാ കുമാരി ആവശ്യപ്പെട്ടു. അപകടമുണ്ടാക്കിയ ശേഷം കടന്നുകളഞ്ഞ കാറിലുണ്ടായിരുന്നത്, ചെയ്യുന്ന തെറ്റിന്റെ ഗൗരവം നന്നായി മനസിലാവുന്ന ഒരു വനിതാ ഡോക്ടറാണെന്ന റിപ്പോർട്ടുകൾ അത്ഭുതപ്പെടുത്തുന്നതാണെന്ന് വി കെ ബീനാകുമാരി പറഞ്ഞു. കൊല്ലം മൈനാഗപ്പള്ളി ആനൂർക്കാവിലാണ് കഴിഞ്ഞ ദിവസം അപകടമുണ്ടായത്. മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോളാണ് (45) അപകടത്തിൽ മരിച്ചത്.

സ്‌കൂട്ടർ യാത്രികരെ കാറിടിച്ച ശേഷം അജ്മൽ വാഹനം നിർത്താതെ പോകുകയായിരുന്നു. അജ്മലിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും സുഹൃത്തായ വനിതാ ഡോക്ടറിൽ നിന്നാണ് ലഭിച്ചത്. അജ്മലിനെയും സുഹൃത്തിനെയും ഇന്നലെ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ അജ്മൽ ഒളിവിൽ പോകുകയായിരുന്നു. മൊബൈൽ ഓഫ് ആയതിനാൽ കഴിഞ്ഞ ദിവസം അജ്മലിന്റെ ലൊക്കേഷൻ ലഭിച്ചിരുന്നില്ല. തുടർന്ന് ഇന്ന് പുലർച്ചെ അജ്മലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Related Posts

Leave a Reply