കൊച്ചി: മെമു ട്രെയിനുകൾക്ക് പകരമായെത്തുന്ന വന്ദേ മെട്രോയുടെ പരീക്ഷണയോട്ടം പൂർത്തിയായി. ചെന്നൈയിലാണ് കഴിഞ്ഞ ദിവസം പരീക്ഷണയോട്ടം നടത്തി വിജയിച്ചത്. 120 കിലോ മീറ്റർ വരെ വേഗതയിലാണ് ട്രെയിൻ പരീക്ഷണയോട്ടം നടത്തിയത്. 12 കോച്ചുകളുള്ള വന്ദേ മെട്രോയുടെ ആദ്യ സർവീസ് മുംബൈയിലായിരിക്കും നടക്കുക. നഗരങ്ങളെ തമ്മിൽ ബന്ധിപ്പിച്ചാവും സർവീസ് നടത്തുക. 150 മുതൽ 200 കിലോ മീറ്റർ വരെ ദൈർഘ്യമുള്ള റൂട്ടുകളിലാകും സർവീസ്.
പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ വന്ദേ മെട്രോ കോച്ചുകളുടെ നിർമാണം പുരോഗമിക്കുകയാണ്. വൈകാതെ വിവിധ സോണുകൾക്ക് എത്ര വന്ദേ മെട്രോ കോച്ചുകൾ നൽകണമെന്നതിൽ തീരുമാനമുണ്ടാകും. കേരളത്തിൽ എറണാകുളം-കോഴിക്കോട്, കോഴിക്കോട്-മംഗലാപുരം, തിരുവനന്തപുരം-എറണാകുളം റൂട്ടുകളാണ് സർവീസിനായി പരിഗണിക്കുന്നത്.
വന്ദേ മെട്രോയുടെ ഓരോ കോച്ചിലും 200 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും. മണിക്കൂറിൽ 130 കിലോമീറ്റർ വരെ വേഗത കൈവരിക്കാനാകും. ഓട്ടോമാറ്റിക് വാതിലുകൾ, മെച്ചപ്പെട്ട ടോയ്ലറ്റ് സൗകര്യങ്ങൾ ഇൻഫോടെയിൻമെന്റ് സിസ്റ്റം തുടങ്ങിയ സൗകര്യങ്ങൾ വന്ദേ മെട്രോ വാഗ്ദാനം ചെയ്യുന്നുണ്ട്.










