വയനാട്: മെഡിക്കൽ കോളേജ് എന്ന വയനാടിന്റെ ആവശ്യം സാക്ഷാത്കരിക്കുമെന്ന് കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി. അടിസ്ഥാനപരമായ പല പ്രശ്നങ്ങളും ജനത നേരിടുന്നുണ്ട്. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണ്. വിലക്കയറ്റം മൂലം സാധാരണക്കാരന്റെ നിത്യജീവിതം പ്രതിസന്ധിയിലാണ്. കേന്ദ്ര സർക്കാരിന്റെ ശ്രദ്ധ സാധാരണക്കാരുടെ പ്രശ്നങ്ങളിലല്ല. ജനങ്ങളുടെ സ്വത്ത് പിടിച്ചെടുത്ത് പ്രധാനമന്ത്രി വ്യവസായി സുഹൃത്തുക്കൾക്ക് കൈമാറുകയാണെന്നും പ്രിയങ്ക പറഞ്ഞു.
അധികാരത്തിൽ തുടരുക മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യമെന്നും പ്രിയങ്ക പറഞ്ഞു. അതിനായി രാജ്യത്തെ ജനങ്ങളുടെ ഇടയിൽ വിദ്വേഷം പടർത്തുകയാണെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു. ജനങ്ങളുടെ ഭൂമി, തുറമുഖങ്ങൾ വിമാനത്താവളങ്ങൾ എന്നിവയെല്ലാം മോദി സുഹൃത്തുക്കൾക്ക് കൈമാറുകയാണെന്നും പ്രിയങ്ക പറഞ്ഞു. ലോകത്തിന് മുന്നിൽ വയനാട് തിളങ്ങുന്നതിനായി ഒരുമിച്ച് നിൽക്കാമെന്നും പ്രിയങ്ക പറഞ്ഞു.
പ്രിയങ്കയ്ക്ക് പിന്തുണയറിയിച്ച് രാഹുൽ ഗാന്ധിയും വേദിയിലെത്തിയിരുന്നു. മുന്നിൽ നിൽക്കുന്ന ആളെ മനസിലാക്കിയാണ് പ്രിയങ്ക പ്രവർത്തിക്കുകയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ആ മനുഷ്യൻ എന്തിലൂടെയാണ് കടന്നുപോകുന്നതെന്ന് മനസിലാക്കാനാണ് പ്രിയങ്ക ശ്രമിക്കുകയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്ത് നടക്കുന്നത് വിദ്വേഷവും സ്നേഹവും തമ്മിലുള്ള പോരാട്ടമാണ്. നരേന്ദ്രമോദിയെ പറ്റി പറഞ്ഞു പറഞ്ഞു ബോറടിച്ചുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
മാനന്തവാടി മേരി മാതാ കോളേജ് ഗ്രൗണ്ടിൽ രാവിലെ 10.30ഓടെയായിരുന്നു ഇരുവരുമെത്തിയത്. മാനന്തവാടിയിലേയും മുക്കത്തേയും പൊതുപരിപാടിയിൽ പങ്കെടുത്ത ശേഷം രാഹുൽ ഗാന്ധി ഇന്ന് മടങ്ങും. രണ്ട് ദിവസത്തെ പ്രചാരണ പരിപാടികൾക്കായാണ് പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തിന്നത്. മണ്ഡലത്തിലെ കോർണർ യോഗങ്ങളിലും പ്രിയങ്ക പങ്കെടുത്തേക്കും.