കലൂർ സ്റ്റേഡിയത്തിൽ ഉമ തോമസ് എംഎൽഎയ്ക്ക് പരുക്കേറ്റ അപകടത്തിൽ നൃത്തപരിപാടിയുടെ സംഘടകരായ മൃദംഗവിഷന്റെയും ഓസ്കർ ഇവന്റ്സിന്റെയും ഉടമകളോട് കീഴടങ്ങാൻ ഹൈക്കോടതി നിർദേശം. വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. സംഘാടകർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയെന്ന് പോലീസ് കോടതിയെ അറിയിച്ചു. മന്ത്രിമാർ ഉൾപ്പെടെ പങ്കെടുത്ത വേദിയിൽ സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരുന്നില്ല. ഉറപ്പുള്ള ബാരിക്കേഡുകൾ അടക്കം സ്ഥാപിച്ചില്ലെന്നും ഫയർഫോഴ്സിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. സംഭവത്തിൽ മൃദംഗ വിഷൻ, സ്റ്റേജ് നിർമാതകൾക്ക് എന്നിവരുടെ പേരിൽ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. ഉറപ്പുള്ള ബാരിക്കേറ്റുകൾ സ്ഥാപിക്കുക എന്നതാണ് പ്രാഥമികസുരക്ഷ നടപടി.
സ്റ്റേജുകൾ രണ്ടു മീറ്ററിൽ കൂടുതൽ ഉയരം ഉള്ളതാണെങ്കിൽ 1.2 ഉയരം ഉള്ള ഉറപ്പുള്ള ബാരിക്കേടുകൾ വശങ്ങളിൽ സ്ഥാപിക്കണം. പൊതുമരാമത്ത് ഉദ്യോഗസ്ഥർ പരിശോധിച്ച ഇക്കാര്യം ഉറപ്പിക്കണം. കലൂരിൽ ഇത് രണ്ടും ഉണ്ടായില്ല.
താത്കാലികമായി തയ്യാറാക്കിയ വിഐപി ഗാലറിയിൽ നിന്ന് 20 അടിയോളം താഴ്ചയിലേക്കാണ് എംഎൽഎ വീണത്. നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച ഭരതനാട്യം നർത്തകരുടെ നൃത്ത സന്ധ്യക്കിടെയാണ് അപകടം ഉണ്ടായത്. ഇരിക്കാൻ ശ്രമിക്കുന്നതിനിടെ താത്കാലിക ബാരിക്കേഡിൽ പിടിച്ച് ഇരുന്നതാണ് അപകടത്തിന് കാരണമായത്.
അതേസമയം, നൃത്ത പരിപാടിയുടെ സാമ്പത്തിക സ്രോതസ്സുകൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്ട്. നടി ദിവ്യ ഉണ്ണിയേയും നടൻ സിജു വർഗീസിനെയും ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു.കുട്ടികളിൽ നിന്ന് രജിസ്ട്രേഷന് മാത്രമായി സംഘാടകർ ഈടാക്കിയത് ആയിരത്തോളം രൂപയാണ്. അത് കൂടാതെ ബുക്ക് മൈ ഷോയിലടക്കം ടിക്കറ്റുകൾ വിറ്റിരുന്നു.