Kerala News

മൃദംഗനാദത്തിൽ കുട്ടികളെ കൊണ്ടുവരാൻ കൂട്ടുപിടിച്ചത് ഡാൻസ് ടീച്ചർമാരെ; നൃത്ത അധ്യാപകർക്ക് സ്വർണനാണയം സമ്മാനം

ഗിന്നസ് റെക്കോർഡ് ലക്ഷ്യമാക്കി കൊച്ചി കലൂർ സ്റ്റേഡിയത്തിൽ മൃതംഗ വിഷന്റെ നേതൃത്വത്തിൽ നടന്ന മൃദംഗനാദത്തിൽ കുട്ടികളെ കൊണ്ടുവരാൻ കൂട്ടുപിടിച്ചത് ഡാൻസ് ടീച്ചർമാരെ. നൂറു കുട്ടികളെ കൊണ്ടുവരുന്ന ഡാൻസ് ടീച്ചർമാർക്ക് സ്വർണ്ണനാണയം സമ്മാനം നൽകുമെന്നായിരുന്നു സംഘാടകരുടെ വാഗ്ദാനം. നൂറു കുട്ടികളെ രജിസ്റ്റർ ചെയ്യിച്ച ഡാൻസ് ടീച്ചർമാർക്കാണ് സ്വർണ്ണ നാണയം സമ്മാനമായി നൽകുക. ഇത് വിശ്വസിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഡാൻസ് ടീച്ചർമാരാണ് കുട്ടികളെ പരിപാടിയിൽ പങ്കെടുപ്പിക്കുന്നതിനായി രജിസ്റ്റർ ചെയ്തത്. ഇതിനായി ഓരോ കുട്ടികളിൽ നിന്ന് 7000 മുതൽ 8000 രൂപ വരെ കുട്ടികളിൽ നിന്നും വാങ്ങുകയും വാട്സ്ആപ്പ് ഗ്രൂപ്പിൽ പണം നൽകിയവരുടെയും നൽകാത്ത കുട്ടികളുടെയും പേര് വിവരങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ബാക്കി പണം നിർബന്ധമായി നൽകാൻ ആവശ്യപ്പെട്ടുകൊണ്ട് വാട്സ്ആപ്പ് ഗ്രൂപ്പിൽ അയച്ച ശബ്ദ സന്ദേശങ്ങളും ലഭിച്ചു.

1600 രൂയാണ് രണ്ടാം ഗഡുവായി കുട്ടികളിൽ നിന്ന് ഈടാക്കിയിരുന്നത്. ഇത് നവംബർ രണ്ടാം തീയതിക്കുള്ളിൽ നിർബന്ധമായും അടയ്ക്കണമെന്നും ഈ പണം തന്നാൽ മാത്രമേ പരിപാടിക്കുള്ള കോസ്റ്റ്യൂം ലഭിക്കുകയുളൂവെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്. അതേസമയം, വിവാദങ്ങൾ ഒരിടത്ത് ചൂട് പിടിക്കുന്നതിനിടെ കല്യാൺ സിൽക്‌സ് ഈ വിഷയത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന് 12,500 സാരികള്‍ നിര്‍മിച്ച് നല്‍കിയെന്നും ഒരു സാരിക്ക് 390 രൂപ വീതമാണ് സംഘാടകരില്‍ നിന്ന് വാങ്ങിയതെന്നും കല്യാണ്‍ സില്‍ക്‌സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സംഘാടകര്‍ സാരി ഒന്നിന് 1,600 രൂപ വീതം ഈടാക്കി എന്നാണ് അറിയാന്‍ കഴിഞ്ഞത്. മൃദംഗ വിഷനുമായി നടന്നത് വാണിജ്യപരമായ ഇടപാട് മാത്രമാണെന്നും കല്യാണ്‍ സില്‍ക്‌സ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി .വിവാദങ്ങളിലേക്ക് തങ്ങളുടെ പേര് വലിച്ചിഴക്കരുതെന്നും കല്യാണ്‍ സില്‍ക്‌സ് മാനേജ്‌മെന്റ് ആവശ്യപ്പെട്ടു.

ഇക്കഴിഞ്ഞ 28നാണ് മൃദംഗ വിഷന്റെ ആഭിമുഖ്യത്തില്‍ മൃദംഗനാദം എന്ന പേരില്‍ നൃത്തപരിപാടി സംഘടിപ്പിച്ചത്. സിനിമാ താരം ദിവ്യ ഉണ്ണി, സിനിമാ, സീരിയല്‍ താരം ദേവി ചന്ദന അടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു സ്‌റ്റേജില്‍ നിന്ന് വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് ഗുരുതരമായി പരുക്കേറ്റത്. ഇതിന് പിന്നാലെ പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു. യാതൊരു വിധത്തിലുള്ള സുരക്ഷാ മുന്നറിയിപ്പും പാലിക്കാതെയാണ് സ്റ്റേജാടക്കമുള്ള സംവിധാനങ്ങൾ കെട്ടിപൊക്കിയിരുന്നത്. നൃത്തപരിപാടിയുടെ സംഘടകരായ മൃദംഗവിഷന്റെയും ഓസ്കർ ഇവന്റ്സിന്റെയും ഉടമകളോട് കീഴടങ്ങാൻ ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. സംഘാടകർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയെന്ന് പോലീസ് കോടതിയെ അറിയിച്ചു.

മന്ത്രിമാർ ഉൾപ്പെടെ പങ്കെടുത്ത വേദിയിൽ സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരുന്നില്ല. ഉറപ്പുള്ള ബാരിക്കേഡുകൾ അടക്കം സ്ഥാപിച്ചില്ലെന്നും ഫയർഫോഴ്സിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തി.

Related Posts

Leave a Reply